കരമന ദുരൂഹ മരണം; കാര്യസ്ഥൻ രവീന്ദ്രൻ നായർ അടക്കം 12 പ്രതികൾ; എഫ്‌ഐആറിന്റെ പകർപ്പ് പുറത്ത്

തിരുവനന്തപുരം കരമന കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട എഫ്‌ഐആറിന്റെ പകർപ്പ് പുറത്ത്. ഒക്ടോബർ പതിനേഴിന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറാണ് പുറത്തുവന്നത്. കാര്യസ്ഥൻ രവീന്ദ്രൻ നായർ അടക്കം പന്ത്രണ്ട് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. മുൻ ജില്ലാ കളക്ടറും മരിച്ച ഗോപിനാഥൻ നായരുടെ ബന്ധുവുമായ മോഹൻദാസ് പത്താം പ്രതിയാണ്.
ഗൂഢാലോചന. സാമ്പത്തിക തട്ടിപ്പ്, ഭീഷണി എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകൻ പ്രകാശിന് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തതായി എഫ്‌ഐആറിൽ പറയുന്നു. എന്നാൽ മരണത്തിലെ ദുരൂഹതയെ കുറിച്ച് എഫ്‌ഐആറിൽ പരാമർശിക്കുന്നില്ല.
അതേസമയം, മരിച്ച ജയപ്രകാശിന്റെ ചികിത്സാ രേഖ ട്വന്റിഫോറിന് ലഭിച്ചു. പക്ഷാഘാതവും ന്യുമോണിയയുമാണ് മരണകാരണമെന്ന് ചികിത്സാ രേഖയിൽ പറയുന്നു. ജയപ്രകാശിനെ ആശുപത്രിയിൽ എത്തിച്ചത് കാര്യസ്ഥൻ രവീന്ദ്രൻ നായരാണ്. ആശുപത്രിയിൽവച്ച് മരിച്ചിട്ടും പോസ്റ്റുമോർട്ടം നടത്തിയില്ല. 2012 സെപ്തംബർ 17നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജയപ്രകാശ് മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here