കൊച്ചി വിടാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിടാനാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നീക്കം. അധികൃതരുമായുള്ള തര്‍ക്കമാണ് തീരുമാനത്തിന് പിന്നില്‍. ഐഎസ്എല്‍ മത്സര സമയങ്ങളില്‍ കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, പൊലീസ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് ക്ലബിനെ പിഴിയുന്നുവെന്ന് ആരോപിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് ക്ലബ് നീങ്ങുന്നത്.

നവംബര്‍ മൂന്നിന് നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. കലൂര്‍ സ്റ്റേഡിയത്തില്‍ കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷവരെ എല്ലാകാര്യങ്ങളിലും വന്‍ തടസങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നു. ഇതിനുപുറമേ വിനോദ നികുതികൂടി ചുമത്താനും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കെഎഫ്എയും കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ വാദം.

ടീമിന്റെ പരിശീലനത്തിന് പനമ്പിള്ളി നഗറിലെ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതില്‍ കേരള സ്പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലും തമ്മിലുള്ള വടംവലിയും ബ്ലാസ്റ്റേഴ്‌സിനെ വലച്ചു. കലൂര്‍ സ്റ്റേഡിയം ഉടമകളായ ജിസിഡിഎയ്ക്ക് ഐഎസ്എല്‍ ഓരോ വര്‍ഷവും ഏഴുകോടി രൂപയാണ് നല്‍കുന്നത്. എന്നിട്ടും സ്റ്റേഡിയത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ കുറ്റപ്പെടുത്തുന്നു. പുറമേ ഓരോ മത്സരത്തിനും സുരക്ഷയൊരുക്കുന്നതിന് പത്തുലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പോലീസിന് നല്‍കേണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top