മഹാരാഷ്ട്ര അധികാരത്തർക്കം: ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വാഗ്ദാനം ചെയ്യുമെന്ന് ബിജെപി

മഹാരാഷ്ട്രയിൽ അധികാരത്തർക്കം പരിഹരിക്കാൻ ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വാഗ്ദാനം ചെയ്യും. ബുധനാഴ്ച അമിത് ഷാ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ച ഉണ്ടാകും.പക്ഷെ നിലവിലുള്ള സാഹചര്യത്തിൽ നിലപാട് കടുപ്പിയ്ക്കുകയാണെന്ന് സൂചിപ്പിച്ച് ഇന്ന് ബിജെപിയും ശിവസേനയും പ്രത്യേകം ഗവർണ്ണറെ സന്ദർശിച്ചു.

Read Also: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ബിജെപി- ശിവസേന സഖ്യം അധികാരത്തിലേക്ക്

ഭരണത്തിന്റെ റിമോട്ട് കൺട്രോൾ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശിവസേന. ഇന്ന് ഗവർണ്ണറെ സന്ദർശിച്ച ശിവസേന സംഘം പാർട്ടി നിലപാടിൽ വിട്ടുവീഴ്ച ചെയ്യാനില്ലെന്ന് സൂചിപ്പിച്ചു.

ഗവർണ്ണർ ഭഗത് സിംഗ് കോഷിയാറിനെ ദിവാകർ റത്തോഡിന്റെ നേതൃത്വത്തിലാണ് ശിവസേന സംഘം സന്ദർശിച്ചത്. എന്നാൽ വന്നത് രാഷ്ട്രീയം പറയാനല്ലെന്ന് ശിവസേന സംഘം മാധ്യമങ്ങളെ അറിയിച്ചു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേത്യത്വത്തിൽ ബിജെപി സംഘവും ഇന്ന് ഗവർണ്ണറെ കണ്ടു. ദീപാവലിക്ക് ശേഷമുള്ള പതിവ് സന്ദർശനമാണെന്ന വിശദീകരണമായിരുന്നു ഇക്കാര്യത്തിൽ ബിജെപിക്കും ഉണ്ടായിരുന്നത്.

അതേ സമയത്ത് തന്നെ വിമതരായി ജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളെയും ചെറു പാർട്ടികളെയും ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ച് കഴിഞ്ഞു. സ്വതന്ത്രരായ ഗീത ജയിനും ദേവേന്ദ്ര റാവത്തും ബിജെപിയെ പിന്തുണക്കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top