മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ബിജെപി- ശിവസേന സഖ്യം അധികാരത്തിലേക്ക്

മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യം 156 സ്ഥലങ്ങളിലും കോൺഗ്രസ് 102 ഇടങ്ങളിലും മുന്നിട്ട് നിൽക്കുന്നു. ബാക്കിയുള്ളവർ 30 ഇടത്തും മുന്നിലാണ്. കേവല ഭൂരിപക്ഷത്തിനടുത്ത് മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യം എത്തി നിൽക്കുന്നു. 16 സ്ഥലങ്ങളിൽ ബിജെപിയുടെ വിജയം പ്രഖ്യാപിച്ചു. വീണ്ടും മഹാരാഷ്ട്ര ബിജെപി- ശിവസേന പിടിക്കും എന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ.
ബിജെപി – ശിവസേന സഖ്യത്തിലെ മിക്ക ആളുകളും ഉയർന്ന ലീഡ് നിലയാണ് മിക്ക മണ്ഡലങ്ങളിലും കാഴ്ച വെക്കുന്നത്. ഇന്ന് രാവിലെ ആരംഭിച്ച വോട്ടെണ്ണലിൽ ബിജെപിയുടെ രാധാകൃഷ്ണ വിഖെ പട്ടീൽ (ഷിർദി), നിതേഷ് റാണെ(കനകവല്ലി), മോഹിനി എക്‌നാഥ് ഖട്‌സെ (മുക്തിനഗർ) തുടങ്ങിയവരും ശിവസേനയുടെ ആദിത്യ താക്കറെ (വർളി)യും മുന്നിലാണ്.
ശിവസേനയുടെ ഭാവി വാഗ്ദാനവും തെരഞ്ഞെടുപ്പിലെ പുതുമുഖവുമായ ആദിത്യ താക്കറെ വിജയിച്ചു.വർളി നിയമ സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ആദിത്യ താക്കറെ ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനാണ്. താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശിവസേനയുടെ യുവ നേതാവാണ് 29 കാരനായ ആദിത്യ താക്കറെ. ഉപമുഖ്യമന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി പദവിക്ക് വരെ സാധ്യത കൽപ്പിക്കുന്നുണ്ട് താക്കറെ കുടുംബത്തിലെ ഈ ഇളമുറക്കാരന്.
കോൺഗ്രസ് നേതാവ് പൃഥിരാജ് ചൗഹാൻ കരട് മണ്ഡലത്തിൽ 11,000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. ബരമതിയിൽ എൻസിപിയുടെ പ്രമുഖ സ്ഥാനാർത്ഥി അജിത് പവാർ ബിജെപിയുടെ ഗോപീചന്ദ് പദൽക്കറിന്റെ മുന്നിലാണ്. കെട്ടിവച്ച പണം പോകുന്ന നിലയിലേക്കാണ് ഗോപീചന്ദ് പദൽക്കറിന്റെ പ്രകടനം. വിബിഎയിൽ നിന്ന് ബിജെപിയിലേക്ക് സെപ്തംബറിലാണ് പദൽക്കർ മാറിയത്.
ബിജെപിയുടെ പരഗ് ഷാ ഘട്‌കോപർ ഇൗസ്റ്റിൽ നിന്ന് വിജയിച്ചു. പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെ എതിർ സ്ഥാനാർത്ഥി മന്ത്രി പങ്കജ മുണ്ടെയെ തോൽപ്പിച്ചു. ശിവസേന നേതാവ് അജയ് ചൗധരി 39,337 വോട്ടുകൾക്കാണ് വിജയിച്ചത്. കോത്രുഡ് മണ്ഡലത്തിൽ മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടീൽ എതിർ സ്ഥാനാർത്ഥി എംഎൻഎസിന്റെ കിഷോർ സിൻഡേയെ തോൽപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here