ഉമ്മൻചാണ്ടിക്ക് പകരം കെവി തോമസിനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത

കെവി തോമസിനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത. ഉമ്മൻചാണ്ടിക്ക് പകരം അദ്ദേഹത്തെ പരിഗണിക്കുമെന്നാണ് സൂചന. അതേസമയം പാർട്ടിയിൽ തനിക്ക് മാന്യമായ ചുമതല നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കെവി തോമസും പ്രതികരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്താണ് കെവി തോമസിനെ അനുനയിപ്പിച്ചത്. യുഡിഎഫ് കൺവീനർ സ്ഥാനമായിരുന്നു ലക്ഷ്യമെങ്കിലും ഉമ്മൻചാണ്ടി വിഭാഗം ഇത് അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശം നൽകിയതായാണ് വിവരം. എംഐ ഷാനവാസിന്റെ വർക്കിംഗ് പ്രസിഡന്റ് പദവി ഒഴിവുണ്ടെങ്കിലും കെവി തോമസ് താൽപര്യം കാണിച്ചിട്ടില്ല. തന്നേക്കാൾ ജൂനിയറായ മുല്ലപ്പള്ളി രാമചന്ദ്രന് താഴെയൊരു പദവി അദ്ദേഹത്തിന് താൽപര്യമില്ലെന്നാണ് സൂചന.
എഐസിസി ജനറൽ സെക്രട്ടറി പദവിയിലുള്ള ഉമ്മൻചാണ്ടിയെ തിരികെ കേരളത്തിൽ സജീവമാക്കാൻ കോൺഗ്രസിൽ നീക്കമുണ്ട്. പാർട്ടിയുടെ സ്ഥാനം അടയാളപ്പെടുത്തുന്ന വിധം പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന വിലയിരുത്തലിലാണിത്. ഈ ഒഴിവിൽ കെവി തോമസിനെ പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here