പാലാരിവട്ടം അഴിമതിക്കേസ്: ടിഒ സൂരജടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ടിഒ സൂരജടക്കം മൂന്ന് പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിലായിട്ട് രണ്ട് മാസമായെന്നും ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ ജാമ്യാപേക്ഷ വിജിലൻസ് എതിർത്തിട്ടുണ്ട്.

പാലാരിവട്ടം കേസിലെ അന്വേഷണം ഇഴയുന്ന സാഹചര്യത്തിലാണ് പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ടിഒ സൂരജ് അടക്കമുള്ള പ്രതികൾ ജയിലിൽ തുടരുകയാണ്. തങ്ങളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നുമാണ് ഇവരുടെ വാദം.

എന്നാൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് സർക്കാരിനോട് അനുവാദം തേടിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. മാത്രമല്ല പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നും കോടതിയെ വിജിലൻസ് ബോധിപ്പിച്ചിട്ടുണ്ട്.

പാലാരിവട്ടം അഴിമതിക്കേസ് അന്വേഷണ സംഘത്തിൽ ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്ന കാര്യത്തിലാണ് പ്രതിസന്ധി. മുൻ മന്ത്രിക്കെതിരെ വിജിലൻസിന് ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന സൂചനയുമുണ്ട്. നിലവിൽ ജയിലിലുള്ള മൂന്ന് പ്രതികളുടെ മൊഴികൾ മാത്രമാണ് വിജിലൻസിന്റെ കൈയ്യിലുള്ളതെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top