കാത്തിരിപ്പ് വെറുതെയായി; കുഴൽകിണറിൽ വീണ് മരിച്ച കുരുന്നിന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ് മരിച്ച രണ്ടര വയസുകാരൻ സുജിത് വിൽസന്റെ മൃതദേഹം സംസ്‌കരിച്ചു. ഫാത്തിമ പുതൂർ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഇന്ന് രാവിലെ 8 മണിയോട് കൂടിയായിരുന്നു സംസ്‌കാരം.
സുജിതിനെ രക്ഷിക്കാനുള്ള നാല് ദിവസം നീണ്ട ശ്രമം വിഫലമായിരുന്നു.പുലർച്ചെ 4.45 ഓടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്.
രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ടാണ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ തിങ്കളാഴ്ച കുട്ടി മരിച്ചതായി കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ കുഴർ കിണറിൽ നിന്ന് ദുർഗന്ധം വമിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ അന്തിമഫലം പുറത്ത് വന്നതോട് കൂടിയാണ് സുജിത് വിൽസന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമമാരംഭിച്ചത് എന്ന് റവന്യൂ സെക്രട്ടറി പറഞ്ഞു.
കുട്ടിയെ പുറത്തെടുക്കാനുള്ള സമാന്തര കുഴൽകിണർ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. വേഗത്തിൽ പണി പൂർത്തിയാക്കാൻ കഴിയാത്തതിന് കാരണം സ്ഥലത്തെ ഗ്രാനൈറ്റിന്റെ കാഠിന്യമേറിയ പാറകൾ എളുപ്പത്തിൽ തുരക്കാൻ സാധിക്കാതിരുന്നതാണ്.
ആരോഗ്യ നിലയിൽ ആശങ്ക ഉണ്ടായതിനെ തുടർന്ന് പുലർച്ചെ ഡോക്ടർമാരുടെ സംഘമെത്തി സുജിത്തിനെ സാങ്കേതിക മാർഗത്തിലൂടെ പരിശോധിക്കുകയായിരുന്നു. ഞായറാഴ്ചയോടെ തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം.
പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ മൃതദേഹം വീണ്ടും ആറടിയോളം താഴ്ചയിലേക്ക് വീണിരുന്നു. മൃതദേഹത്തിന്റെ ഭാഗങ്ങൾ ഘട്ടം ഘട്ടമായാണ് പുറത്തെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ബ്രിട്ടോയുടേയും കലൈ റാണിയുടേയും ഇളയ മകനായ സുജിത് കുഴൽ കിണറിൽ വീണത്. 600 അടി താഴ്ചയുള്ള കിണറ്റിൽ ആദ്യഘട്ടത്തിൽ കുട്ടി 26 അടിയിലായിരുന്നു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ 68 അടി താഴ്ചയിലേക്കും പിന്നീട് 88 അടി താഴ്ചയിലേക്കും കുട്ടി വീണു. കുട്ടിക്ക് ഓക്സിജൻ ലഭ്യമാക്കിയിരുന്നെങ്കിലും ഭക്ഷണവും വെള്ളവും നൽകാൻ സാധിച്ചിരുന്നില്ല. ദേശീയ ദുരന്ത നിവാരണ സേന, വിവിധ സംസ്ഥാന ഏജൻസികൾ, വിവിധ സർവകലാശാലകളിൽ നിന്നുള്ള എഞ്ചിനീയർമാർ, ദുരന്ത നിവാരണ സന്നദ്ധ സംഘടനകൾ എന്നിവരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഉപമുഖ്യമന്ത്രി ഒ പനീർ ശെൽവവും 5 മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തിയിരുന്നു.