കുഞ്ചാക്കോ ബോബനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കൊലക്കേസിൽ അറസ്റ്റിൽ

നടൻ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി തോപ്പുംപടി സൗത്ത് മൂലംകുഴി സ്വദേശി സ്റ്റാൻലി ജോസഫ് (76) കൊലപാത കേസിൽ അറസ്റ്റിലായി. കൊച്ചി ചേമ്പിൻകാട് കോളനി നിവാസി ദിലീപ് കുമാ(66)റിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സ്റ്റാൻലി അറസ്റ്റിലായത്.

സ്റ്റാൻലിയും ദിലീപും പള്ളികളിൽ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടാണ് ജീവിച്ചിരുന്നത്. സംഭാവന കിട്ടിയ പണം വീതംവയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് കഴിഞ്ഞ 23ന് അർധരാത്രിയായിരുന്നു കൊലപാതകം നടന്നത്.

കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സ്റ്റാൻലിയെ കടവന്ത്ര ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top