മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയാറായിരുന്നുവെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകൻ; സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന് മുഖ്യമന്ത്രി

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയാറായിരുന്നുവെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകൻ. മാവോയിസ്റ്റ്കളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായിട്ട് ഒന്നും തന്നെ തണ്ടർ ബോൾട്ടിനു നേരെ ഉണ്ടായിട്ടില്ലെന്ന് മുരുകൻ പറഞ്ഞു.

മാവോയിസ്റ്റുകളെ കണ്ടെത്തിയ സാഹചര്യത്തിൽ അവരുടെ പേരിൽ നടപടികൾ സ്വീകരിച്ചുകാണ്ട് നിയമനടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ, പൊലീസും തണ്ടർ ബോൾട്ടും മാവോയിസ്റ്റുകൾക്ക് നേരെ നടത്തിയത്  നിയമലംഘമാണെന്നും ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകൻ ട്വന്റിഫോറിനോട് പറഞ്ഞു. കീഴടങ്ങാനുള്ള സാഹചര്യമൊരുക്കയായിരുന്നു അവർക്ക് നേരെ സ്വീകരിക്കേണ്ട നടപടിയെന്ന് മുരുകൻ പറഞ്ഞു.

എന്നാൽ, അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന് നിയമസഭയെ അറിയിച്ചു.  വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസോടെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെടിവെയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പെട്രോളിങ്ങിനിടെ മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു. എകെ 47 അടക്കമുള്ള ആധുനിക ആയുധങ്ങൾ അവരുടെ പക്കലുണ്ടായിരുന്നു. മാവോയിസ്റ്റുകൾക്ക് വല്ലാത്ത പരിവേഷം നൽകേണ്ടതില്ല. അയ്യാ കൊഞ്ചം അരി താ എന്ന് മാത്രം പറയുന്നവരല്ല മാവോയിസ്റ്റ് . വല്ലാത്ത പരിവേഷം നൽകരുത്. മാവോയിസ്റ്റ് ആയത് കൊണ്ട് ആരും കൊല്ലപ്പെടില്ല. സംസ്ഥാനത്തിന് പുറത്തുള്ളവർ വന്ന് ഇവിടുത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാൽ, മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായെതിർത്തു. കൊടിയ കുറ്റവാളികളാണെങ്കിൽ പോലും വെടിവെച്ചുകൊല്ലാൻ ആർക്കാണ് അവകാശമെന്നായിരുന്നു അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ എൻ ഷംസുദ്ദീൻ ചോദിച്ചു. വെടിവെപ്പിനെ മുഖ്യമന്ത്രി ന്യായീകരിക്കാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top