‘അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; കടൽ അത്യധികം പ്രക്ഷുബ്ധമാകും’ : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ട്വന്റിഫോറിനോട്

മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറും കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ് 24 നോട് പറഞ്ഞു. കടൽ അത്യധികം പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കെ.സന്തോഷ് അറിയിച്ചു.
കോഴിക്കോടിന് പടിഞ്ഞാറ് ഭാഗത്ത് 330 കിലോമീറ്റർ അകലെയാണ് നിലവിൽ മഹാ ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 6 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അറിയിച്ചു. ഇപ്പോൾ ലക്ഷദ്വീപ് ഭാഗത്തുളള ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുകയാണ്.
Read Also : ‘മഹാ’ ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ചു; ലക്ഷദ്വീപില്‍ റെഡ് അലേര്‍ട്ട്
ഇന്ന് സംസ്ഥാനത്ത് ശക്തമായ കാറ്റോട് കൂടിയ അതിശക്തമായ മഴയുണ്ടാകും. നാളെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കേരള തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും കെ.സന്തോഷ് പറഞ്ഞു.
മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. രാത്രിയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ട്. നാളെ രാവിലെ അതിശക്തമായ ചുഴലിക്കാറ്റാകും. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കൂട്ടിച്ചേർത്തു. ലക്ഷദീപ് തീരത്ത് ഒരു മീറ്റർ വരെ ഉയരത്തിൽ തിരയുണ്ടാകും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും കെ സന്തോഷ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here