മാനസിക സമ്മർദ്ദം; ഗ്ലെൻ മാക്സ്‌വൽ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു

ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വൽ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു. ശ്രീലങ്കക്കെതിരായ ടി-20 പരമ്പര നടന്നുകൊണ്ടിരിക്കെയാണ് മാക്സ്‌വൽ ഇടവേളയെടുക്കുകയാണെന്നറിയിച്ചത്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരായ അവസാന ടി-20യിൽ മാക്സ്‌വലിനു പകരക്കാരനായി ഡാർസി ഷോർട്ടിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കൻ പരമ്പരയിലെ ആദ്യ ടി-20യിൽ ഗംഭീര പ്രകടനമാണ് മാക്സ്‌വൽ കാഴ്ച വെച്ചത്. ആദ്യ മത്സരത്തിൽ 28 പന്തുകളിൽ നിന്ന് 62 റൺസെടുത്ത അദ്ദേഹം രണ്ടാമത്തെ മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ഇതിനു ശേഷമാണ് ഇടവേളയെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്. അടുത്ത വർഷത്തെ ടി-20 ലോകകപ്പിലേക്കുള്ള ഓസീസ് ടീമിലെ സുപ്രധാന താരമാണ് മാക്സ്‌വൽ.
മാക്സ്‌വൽ വളരെ വേഗം കളിക്കളത്തിലേക്ക് തിരികെയെത്തുമെന്ന് പരിശീലകൻ ജസ്റ്റിൻ ലാംഗർ പ്രത്യാശ പ്രകടിപ്പിച്ചു. മറ്റ് ഏത് പരുക്ക് പോലെയാണ് മാനസിക സമ്മർദ്ദമെന്നും അദ്ദേഹത്തിന് അതിൽ നിന്നു മറികടക്കാനുള്ള എല്ലാ സഹായവും ക്രിക്കറ്റ് ഓസ്ട്രേലിയ നൽകുമെന്നും ലാംഗർ പറഞ്ഞു.
അടുത്തിടെ ഇംഗ്ലണ്ട് വനിതാ താരം സാറ ടെയ്‌ലറും മാനസിക സമ്മർദ്ദങ്ങൾ മൂലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സെപ്തംബറിൽ സാറ ക്രിക്കറ്റിൽ നിന്നു വിരമിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here