ഹോങ്കോങ് നായകൻ വിദർഭയ്ക്ക് വേണ്ടി കളിക്കാനൊരുങ്ങുന്നു; ലക്ഷ്യം ഇന്ത്യൻ ടീമിൽ കളിക്കുക

ഹോങ്കോങ് നായകൻ അൻഷുമാൻ റാത്ത് ഇന്ത്യക്കായി ആഭ്യന്തര സീസൺ കളിക്കാനൊരുങ്ങുന്നു. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂർണമെൻ്റുകളിൽ വിദർഭയ്ക്കു വേണ്ടിയാവും അൻഷുമാൻ പാഡണിയുക. ഇതിനായി ഇന്ത്യയിലേക്ക് താമസം മാറിയ അദ്ദേഹം വിദർഭയുമായി കരാറൊപ്പിട്ടു.
വിദർഭയ്ക്ക് വേണ്ടി കരാറൊപ്പിട്ട അൻസുമാൻ നാഗ്പൂരിൽ വീട് വാടകക്കെടുത്തു കഴിഞ്ഞു. ടീമിൽ കളിക്കണമെങ്കിൽ അൻഷുമാന്‍ ഒരു വർഷം കാത്തിരിക്കേണ്ടി വരും. ഈ ഒരു വർഷം കൂളിംഗ് ടൈമാണ്. അടുത്ത സീസൺ മുതലേ ആഭ്യന്തര മത്സരങ്ങളിൽ കളിക്കാനാവൂ. എന്നാൽ താരം ക്ലബ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയിട്ടുണ്ട്. വിദർഭയിലെ ലോക്കൽ ക്ലബ്ബായ എംഎസ്എസ്സിക്ക് വേണ്ടി എ ഡിവിഷൻ ടൂർണമെന്റിൽ കളിച്ച താരം കഴിഞ്ഞ ദിവസം ഇലവൻ സ്റ്റാർസിനെതിരെ നടന്ന മത്സരത്തിൽ 38 റൺസ് നേടിയിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യക്കെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത അൻഷുമാൻ 73 റൺസ് നേടിയിരുന്നു. ആദ്യ വിക്കറ്റിൽ നിസാകത് ഖാനുമൊത്ത് 174 റൺസ് കൂട്ടിച്ചേർത്ത അൻഷുമാൻ ഹോങ്കോങ്ങിനെ വിജയത്തിനരികെ എത്തിച്ചെങ്കിലും അവർ 26 റൺസ് അകലെ വീണു പോവുകയായിരുന്നു. ഹോങ്കോങ്ങിനു വേണ്ടി 18 മത്സരങ്ങൾ കളിച്ച അൻഷുമാൻ്റെ ശരാശരി 51നു മുകളിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here