Advertisement

‘മഹാ’ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് തിരിച്ച് വിളിച്ചു; കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യത

October 31, 2019
1 minute Read

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റ് മണിക്കൂറിൽ 22 കിമീ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ‘മഹാ’ കടന്ന് പോകുന്നതിനാൽ മത്സ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തു.

ഇനിയുള്ള സമയങ്ങൾ കടൽ അതിപ്രക്ഷുബ്ധാവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യത. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നത് ഒഴിവാക്കേണ്ടതാണ്.

അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകി. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം നിലവിൽ 10.6° വടക്ക് അക്ഷാംശത്തിലും 73.1° കിഴക്ക് രേഖാംശത്തിലും മാലി ദ്വീപിൽ നിന്ന് വടക്കായി 710 കിമീ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 250 കിമീ ദൂരത്തും കവരത്തിയിൽ നിന്ന് 50 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 480 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

ചുഴലിക്കാറ്റിന്റെ പരമാവധി വേഗത 61 കിമീ മുതൽ 90 കിമീ വരെയാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (പരമാവധി വേഗത മണിക്കൂറിൽ 90 കിമീ മുതൽ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അടുത്ത 12 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയേറെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top