ജമ്മുകശ്മീർ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസർക്കാർ പുനക്രമീകരിച്ചു

ജമ്മുകശ്മീർ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസർക്കാർ പുനക്രമീകരിച്ചു. ഓഗസ്റ്റ് 5 നും 6നും ആയി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജമ്മുകശ്മീർ പുനസംഘടന ബില്ലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്രസർക്കാർ ഇന്നലെ അർധരാത്രിയിൽ പൂർത്തിയാക്കിയത്.

രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും യാഥാർത്ഥ്യമാക്കിയുള്ള നാല് വിജ്ഞാപനങ്ങൾ ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതുതായി നിലവിൽ വന്ന ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി രാധാകൃഷ്ണ മാധൂർ സത്യപ്രതിജ്ഞ ചെയ്തു. ജമ്മുകശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണറായി നിയമിതനായ ഗിരീഷ് ചന്ദ്രമുർമ്മു ഉച്ചയ്ക്ക് ശ്രീനഗറിൽ സത്യപ്രതിജ്ഞ ചെയ്യും.

ജമ്മുകശ്മീർ ഇനി അങ്ങനെ ഒരു സംസ്ഥാനമില്ല. ജമ്മുകാശ്മീരെന്നും ലഡാക്കെന്നും പേരിലുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്നലെ അർധരാത്രി മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് നിലവിൽ വന്നു. ആകെ നാല് ഉത്തരവുകളാണ് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചത്. ഇതിൽ ആദ്യത്തേത് ജമ്മുകാശ്മീരിന്റെ സംസ്ഥാനമെന്ന നിലയിലുള്ള അസ്ഥിത്വം പിൻ വലിയ്ക്കുന്നതാണ്. രണ്ടാമത്തെ വിജ്ഞാപനം നിലവിലുള്ള ജമ്മുകാശ്മീർ ഹൈക്കോടതിയെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഹൈക്കോടതിയായി അധികാരപ്പെടുത്തുന്നു. ഇതനുസരിച്ച് ചീഫ് ജസ്റ്റിസ് ഉൾപ്പടെ എല്ലാ ജഡ്ജിമാരും ഇന്ന് മുതൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ വ്യവഹാര പരിഹാര ചുമതലയാകും നിർവഹിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ മൂന്നാം വിജ്ഞാപനം സ്ഥിരം താമസക്കാർ പരമ്പര്യ സംസ്ഥാന വിഷയങ്ങൾ തുടങ്ങിയ വിവക്ഷകൾ ജമ്മുകശ്മീരിന് നഷ്ടമായി.

ഇതൊടെ ഇന്ത്യയിലെ മറ്റ് ഏതൊരു കേന്ദ്രഭരണ പ്രദേശത്തിനും ഉള്ള അധികാര അവകാശങ്ങളും സ്ഥാനവും മാത്രമേ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇനി മുതൽ അവകാശപ്പെടാനാകൂ. പൂർണ അർഥത്തിൽ ജമ്മുകശ്മീരിനെ ഇന്ത്യയോടു ചേർക്കുക, പ്രദേശത്തിന്റെ വികസനവും പുരോഗതിയും സാധ്യമാക്കുക തുടങ്ങിയവയാണ് നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.

നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കുന്നതിന് ചുക്കാൻ പിടിച്ച സർദാർ വല്ലഭായി പട്ടേലിന്റെ 144-ാം ജന്മദിനത്തിലാണ് സംസ്ഥാന പുനക്രമീകരണ നടപടികൾ പൂർത്തിയായത് എന്നതും കൗതുകമാണ്. രാവിലെ 7.15 ന് രാധാകൃഷ്ണ മാദൂർ ജമ്മുകശ്മീർ ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ മുൻപാകെ ലഫ്റ്റനന്റ് ഗവർണറായി സത്യവാചകം ചൊല്ലി ചുമതലയേറ്റു. ഗിരീഷ് ചന്ദ്ര മുർമു ഉച്ചയ്ക്ക് 12.45 നാണ് ശ്രീനഗറിൽ ജമ്മുകശ്മീരിന്റെ പ്രഥമ ലഫ്റ്റനന്റ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്നത്. നിലവിൽ വന്ന കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് നിയമസഭ ഉണ്ടാകില്ല. ജമ്മുകശ്മീരിന് ഉണ്ടാകുന്ന നിയമസഭയുടെ ഭാഗമായി നിലവിലുള്ള മണ്ഡലങ്ങൾ പുനക്രമികരിക്കും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരുസംസ്ഥാനത്തിന് അതിന്റെ അസ്ഥിത്വം നഷ്ടമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top