ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന്റെ ആരോഗ്യനില മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധിക്കാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം

തിഹാർ ജയിലിൽ കഴിയുന്ന പി. ചിദംബരത്തിന്റെ ആരോഗ്യനില മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധിക്കാൻ എയിംസിന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. ഐഎൻഎക്‌സ് മീഡിയ കേസിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ചിദംബരത്തിന്റെ ഡോക്ടറെയും മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണം. ഇന്നുതന്നെ ബോർഡ് ചേരണമെന്നും കോടതി നിർദേശിച്ചു. ചിദംബരത്തിന് ആമാശയ സംബന്ധമായ പ്രശ്‌നമുണ്ടെന്നും ക്യാൻസറിലേക്ക് വരെ നയിച്ചേക്കാമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഹൈദരാബാദിൽ വിദഗ്ധ ചികിൽസ ലഭ്യമാക്കണമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ഐഎൻഎക്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 22ന് കേസ് പരിഗണിച്ചപ്പോൾ ചിദംബരത്തിന് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. 2007ൽ ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയയ്ക്ക് 305 കോടിയുടെ ഫണ്ട് സ്വീകരിക്കുന്നതിൽ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയതിൽ ക്രമക്കേട് നടത്തി എന്നാണ് ചിദംബരത്തിനെതിരെ നിലനിൽക്കുന്ന കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here