മന്ത്രി എകെ ബാലനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ വഴിയാത്രക്കാരി തെറിച്ചു വീണു; കൈയ്ക്ക് പൊട്ടൽ

ഇന്ന് മന്ത്രി എകെ ബാലനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ ബഹളത്തിനിടയിൽ പെട്ട വഴിയാത്രക്കാരി നടപ്പാതയിൽ തെറിച്ചു വീണു. ബഹളത്തിനിടയിൽ മണ്ണന്തല സ്വദേശിനി സേതുക്കുട്ടിയമ്മയാണ് നടപ്പാതയിൽ തെറിച്ചു വീണത്.
കൈയ്ക്കും തോളെല്ലിനും സേതുക്കുട്ടിയമ്മക്ക് പൊട്ടലുണ്ട്. പിഡബ്‌ള്യുഡി ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിക്കാരിയാണ് ഇവർ. രാവിലെ ജോലിക്ക് പോകും വഴിയായിരുന്നു സംഭവം. സേതുക്കുട്ടിയമ്മക്ക് പരുക്കേറ്റ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
വാളയാർ സംഭവത്തിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
വീട്ടിൽ നിന്ന് നിയമസഭയിലേക്ക് പോകും വഴിയാണ് മന്ത്രി എകെ ബാലന്റെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് -കെഎസ്‌യു പ്രവർത്തകർ കരിങ്കൊടിയുമായി പാഞ്ഞെത്തിയത്. തുടർന്ന് കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിച്ചു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here