കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം: ജോസ് കെ മാണിക്ക് തിരിച്ചടി

കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണി ചെയര്‍മാനല്ലെന്ന് കട്ടപ്പന സബ് കോടതി വിധി. ചെയര്‍മാന്റെ അധികാരം തടഞ്ഞ മുന്‍സിഫ് കോടതി വിധി സബ് കോടതിയും ശരിവച്ചു. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച ഏറ്റവും നിര്‍ണായകമായ കോടതിവിധിയാണ് കട്ടപ്പന സബ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
ജോസ് കെ മാണി വിഭാഗത്തിന്റെ അപ്പീല്‍ പരിഗണിച്ച കോടതി മുന്‍സിഫ് കോടതി വിധി ശരിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനായി മാണിവിഭാഗം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഭരണഘടന പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം ഇടുക്കി കോടതിയെ സമീപിച്ചത്.
ഒരു മാസത്തോളം വിഷയത്തിലുള്ള വാദം കട്ടപ്പന സബ് കോടതിയില്‍ നടക്കുകയായിരുന്നു. ഭരണഘടനാ പ്രകാരം നടക്കേണ്ട തെരഞ്ഞെടുപ്പല്ല നടന്നതെന്ന സബ് കോടതി വിലയിരുത്തുകയായിരുന്നു. കേരള കേണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണിയെ നിയമിച്ചതിനെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. ഇതിനെതിരെയാണ് ജോസ് കെ മാണി സബ് കോടതിയെ സമീപിച്ചത്. വിധി അനുകൂലമാകുമെന്ന് ജോസഫ് വിഭാഗത്തിന് പ്രതീക്ഷ ഉണ്ടായിരുന്നു. നാളെ തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി യോഗം ജോസഫ് വിഭാഗം വിളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here