വാളയാർ പീഡനം; കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

വാളയാറിൽ സഹോദരികൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടുളള ഹർജി ഇന്ന് ഹൈക്കോടതിയിൽ. തൃശൂരിലെ മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണു ഹർജി നല്‍കിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയിട്ടും പോലീസ് വേണ്ട ഗൗരവത്തോടെ അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് അന്വേഷണ ഘട്ടത്തിൽ തന്നെ കേസ് ദുർബലമാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വാളയാർ കേസിലെ ഇരകളുടെ കുടുംബം സിബിഐ അന്വേഷണം വേണമെന്നു കോടതിയിൽ ആവശ്യപ്പെട്ടാൽ സർക്കാർ എതിർക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറിലെ 13 ഉം 9 ഉം വയസുകാരായ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. സംഭവം നടന്ന് രണ്ട് വർഷം ആയിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സോജനും കേസിൽ ഹാജരാകുന്ന സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയായിരുന്നു ഇതിന് കാരണം. ഇത് അസാധാരണമായ കേസാണെന്നും, മറ്റൊരു സ്‌പെഷ്യൽ പ്രൊസീക്യൂട്ടർ കേസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പൊലീസ് സർക്കാരിന് കത്തെഴുതിയിരുന്നു.
എന്നാൽ കേസിൽ മതിയായ തെളിവുകളില്ലെന്നും, കേസിൽ ഹാജരാകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലതാ ജയരാജിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here