വാളയാർ പീഡനക്കേസ്: മന്ത്രി എകെ ബാലനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

വാളയാർ വിഷയത്തിൽ പ്രതിഷേധിച്ച് പട്ടിക ജാതി- പട്ടിക വർഗ വകുപ്പ് മന്ത്രി എകെ ബാലനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വീട്ടിൽ നിന്ന് നിയമസഭയിലേക്ക് വരും വഴി തിരുവനന്തപുരം കോർപറേഷൻ കെട്ടിടത്തിന് മുന്നിൽ വച്ചാണ് കരിങ്കൊടി കാണിച്ചത്.

കോർപറേഷൻ കെട്ടിടത്തിനുള്ളിൽ മറഞ്ഞു നിൽക്കുകയായിരുന്ന പ്രവർത്തകർ കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Read Also: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു: സിബിഐ അന്വേഷണം എതിർക്കില്ലെന്ന് പിണറായി

അതേ സമയം വാളയാറിൽ ദളിത് സഹോദരികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടുളള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തൃശൂരിലെ മലയാളവേദി പ്രസിഡൻറ് ജോർജ് വട്ടുകുളമാണു ഹർജി നൽകിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയിട്ടും പോലീസ് വേണ്ട ഗൗരവത്തോടെ അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് അന്വേഷണ ഘട്ടത്തിൽ തന്നെ കേസ് ദുർബലമാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വാളയാർ കേസിലെ ഇരകളുടെ കുടുംബം സിബിഐ അന്വേഷണം വേണമെന്നു കോടതിയിൽ ആവശ്യപ്പെട്ടാൽ സർക്കാർ എതിർക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മരണപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറിലെ 13 ഉം 9 ഉം വയസുകാരായ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. സംഭവം നടന്ന് രണ്ട് വർഷം ആയിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സോജനും കേസിൽ ഹാജരാകുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയായിരുന്നു ഇതിന് കാരണം. ഇത് അസാധാരണമായ കേസാണെന്നും, മറ്റൊരു സ്പെഷ്യൽ പ്രൊസീക്യൂട്ടർ കേസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പൊലീസ് സർക്കാരിന് കത്തെഴുതിയിരുന്നു.

എന്നാൽ കേസിൽ മതിയായ തെളിവുകളില്ലെന്നും, കേസിൽ ഹാജരാകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലതാ ജയരാജിന്റെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top