വിജയ് ചിത്രം ബിഗിൽ വിവാദത്തിൽ; ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്

വിജയ് ചിത്രം ബിഗിലിൻ്റെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. ഹൈദരാബാദ് ഗച്ചിബോവ്‌ലി പൊലീസാണ് നവാഗത സംവിധായകനായ നന്ദി ചിന്നി കുമാറിന്റെ പരാതിയിൽ കേസെടുത്തത്. മഹാരാഷ്ട്ര സ്വദേശിയായ അഖിലേഷ് പോൾ എന്നയാളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കഥയുടെ ഉടമസ്ഥാവകാശം താൻ നേരത്തെ വാങ്ങിയിരുന്നതാണെന്നും അത് തെറ്റിച്ചാണ് ബിഗിൽ സിനിമ എടുത്തതെന്നുമാണ് പരാതി.
നിർമ്മാതാക്കൾക്കൊപ്പം അഖിലേഷ് പോളിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഏത് ഭാഷയിലും ഫീച്ചർ സിനിമയെടുക്കാനുള്ള അനുവാദം നൽകിയാണ് അഖിലേഷ് പോൾ ചിന്നി കുമാറുമായി കരാറൊപ്പിട്ടത്. 12 ലക്ഷം രൂപയുടെ കരാർ പ്രകാരം അഞ്ച് ലക്ഷം രൂപ അഖിലേഷ് കൈപ്പറ്റി. സിനിമാ ചിത്രീകരണത്തിനു ശേഷവും റിലീസിനു മുൻപുമായി ബാക്കി പണം നൽകാമെന്നുമായിരുന്നു കരാർ.
ചിത്രത്തിൻ്റെ ട്രെയിലർ റിലീസിനു മുതൽക്ക് തന്നെ സംവിധായകൻ ആറ്റ്ലിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്നും അതിനു സാധിച്ചില്ലെന്നും ചിന്നി കുമാര്‍ പറയുന്നു. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഗുണ്ടാജീവിതം ഉപേക്ഷിച്ച് ഫുട്ബോൾ കളിക്കാരനായ ആളാണ് അഖിലേഷ് പോൾ. ഇത്തരത്തിൽ ഫുട്ബോൾ പരിശീലകനായി മാറുന്ന ഗുണ്ടയുടെ കഥയാണ് ബിഗിൽ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here