കരമന കൂടത്തിൽ കൊലപാതകം; ജയമാധവൻ നായരുടെ മരണം തലക്കേറ്റ ക്ഷതംമൂലമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണം തലക്കേറ്റ ക്ഷതംമൂലമെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. ആക്രമണത്തിലൂടെയാണോ ക്ഷതമേറ്റതെന്ന് പരിശോധിക്കുമെന്ന് കേസന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയുള്ള ക്രൈം ഡിസിപി മുഹമ്മദ് ആരിഫ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കൂടത്തിൽ തറവാട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. ആരോപണ വിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായരെയും വീട്ടുജോലിക്കാരി ലീലയെയും തറവാട്ടിലെത്തിച്ച് മൊഴിയെടുക്കുകയും ചെയ്തു.
കൂടത്തിൽ തറവാട്ടിൽ ഒടുവിൽ നടന്ന ജയമാധവൻനായരുടെ മരണം തലയ്‌ക്കേറ്റ ക്ഷതം കാരണമാണെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സാഹചര്യ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയാണ് അന്വേഷണ സംഘം. കേസിന്റെ കാലപ്പഴക്കം പ്രധാന ഘടകമാണെങ്കിലും തെളിവുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും തലക്ക് ക്ഷതമേറ്റ സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്ന് പരിശോധിക്കുമെന്നും കേസിന്റെ മേൽനോട്ട ചുമതലയുള്ള ക്രൈം ഡിസിപി മുഹമ്മദ് ആരിഫ്.
തലയിലെ ക്ഷതത്തിന് പുറമേ മുഖത്ത് കണ്ടെത്തിയ മുറിവുകളുടെ അസ്വാഭാവികതയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കൂടത്തിൽ തറവാട്ടിൽ ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തിയിരുന്നു. ഫോറൻസിക് മേധാവി ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസിലെ സാക്ഷിയായ വീട്ടുജോലിക്കാരി ലീലയെയും ആരോപണ വിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായരെയും വീട്ടിൽ എത്തിച്ച് മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് എസി എംഎസ് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here