ശബരിമല ലേലം ഏറ്റെടുക്കാൻ ആളില്ല; ഗുരുതര പ്രതിസന്ധി നേരിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല ലേലം ഏറ്റെടുക്കാനാളില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതര പ്രതിസന്ധിയിൽ. ലേലത്തിലൂടെ 40 കോടി ലഭിക്കേണ്ടിടത്ത് ഇതുവരെ ലഭിച്ചത് എട്ട് കോടി മാത്രം. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ട നാളികേരത്തിന്റെ ലേലവും നിലയ്ക്കൽ ടോൾ പിരിവും ഇത്തവണ കരാറുകാരാരും ഏറ്റെടുത്തില്ല. യുവതി പ്രവേശന വിവാദത്തെ തുടർന്ന് ലേലമെടുത്ത കരാറുകാർ നഷ്ടത്തിലായതാണ് കാരണം.

സ്ത്രീ പ്രവേശന വിവാദത്തേയും പൊലീസ് നിയന്ത്രയങ്ങളെയും തുടർന്ന് കഴിഞ്ഞ വർഷം ലേലമെടുത്തവർക്ക് വൻ നഷ്ടമാണുണ്ടായത്. ഇത്തവണയും ഇതു ആവർത്തിക്കുമോയെന്ന ഭയമാണ് കരാറെടുക്കുന്നതിൽ നിന്നും കരാറുകാർ പിന്മാറാൻ കാരണം. നാളികേരം, കടകൾ, പാർക്കിംഗ് ഫീസ് എന്നിവ ഉൾപ്പെടെ 310 ഇനങ്ങളിലാണ് ശബരിമല ഉത്സവ കാലത്ത് ലേലം നടക്കുന്നത്. ഇതിൽ ഈ വർഷം ഇതുവരെ 20 ഇനങ്ങൾ മാത്രമാണ് കരാർ ഏറ്റെടുത്തത്. ഓരോ വർഷവും ശരാശരി 40 കോടി രൂപയാണ് ലേലത്തിൽ നിന്നും ലഭിക്കുക.

എന്നാൽ, ഇത്തവണ ഉത്സവ കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ എട്ട് കോടി രൂപ മാത്രമാണ് ലഭിച്ചത്. നാളികേര ലേലത്തിലൂടെ ആറു കോടി രൂപയും നിലയ്ക്കൽ പാർക്കിംഗ് ഫീസിനത്തിൽ രണ്ടര കോടി രൂപയും ലഭിക്കുന്നതാണ് ഏറ്റവും വലിയ കരാറുകൾ. എന്നാൽ ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല.

മാത്രമല്ല, ശബരിമലയിലുള്ള കടകളിൽ 50 ഓളം കടകൾ മാത്രമാണ് ലേലത്തിൽ പോയിട്ടുള്ളത്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായതും കടകൾ ഏറ്റെടുത്തവർക്കായിരുന്നു. ഒരു കോടിക്ക് മുകളിൽ ലേലതുകയുള്ള ഒരു ഇനവും ഏറ്റെടുക്കാൻ കരാറുകർ താൽപര്യപ്പെടുന്നില്ല. ശബരിമല ലേലത്തുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും വലിയ വരുമാനം. ഇരുപതോളം പ്രധാന ക്ഷേത്രങ്ങൾ ഒഴികെ 1150 ഓളം ക്ഷേത്രങ്ങളിലേക്കുള്ള ചെലവും ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകേണ്ടത് ഇതിൽ നിന്നാണ്. കരാർ ഏറ്റെടുക്കാൻ ആളു വരാതായതോടെ ഈ വർഷം ബോർഡിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top