വിവരചോർച്ചയെ കുറിച്ച് മേയ് മാസം തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു; വിശദീകരണവുമായി വാട്‌സ്ആപ്പ്

വിവരചോർച്ചയെ കുറിച്ച് മേയ് മാസം തന്നെ ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന് വാട്‌സ്ആപ്പ്. സുരക്ഷാ പാളിച്ച ഉടൻ തന്നെ പരിഹരിച്ചിരുന്നുവെന്നും വാട്‌സ്ആപ്പ് വിശദീകരിച്ചു. അതേസമയം, വിവരം ചോർത്തിയവരെ കുറിച്ചോ അതിന്റെ വ്യാപ്തിയെ സംബന്ധിച്ചോ വാട്‌സ്ആപ്പ്, ഇന്ത്യയെ അറിയിച്ചില്ലെന്ന് സ്രോതസുകളെ ഉദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വാട്‌സ്ആപ്പ് സിഇഒ നിരന്തരം ചർച്ചകൾക്ക് വരുന്നുണ്ടെങ്കിലും ചോർത്തലിന്റെ സമഗ്ര വിവരങ്ങൾ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കേന്ദ്രസർക്കാർ ആരാഞ്ഞതിനെ തുടർന്നാണ് വിശദീകരണവുമായി വാട്‌സ്ആപ്പ് കമ്പനി രംഗത്തെത്തിയത്. ചോർച്ചയുണ്ടായത് മനസിലാക്കിയ ഉടൻ തന്നെ സുരക്ഷാ പാളിച്ച പരിഹരിച്ചു. മേയ് മാസം ഇക്കാര്യം ഇന്ത്യൻ സർക്കാരിനെ അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതക്കും സുരക്ഷക്കുമാണ് മുൻഗണനയെന്നും വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു. ചാരപ്രവൃത്തി നടത്തിയ എൻഎസ്ഒ കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ്.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാരുമായി യോജിച്ചു പ്രവർത്തിക്കാൻ തയാറാണെന്നും വക്താവ് വ്യക്തമാക്കി. എന്നാൽ, കേന്ദ്രസർക്കാർ ഏജൻസിക്ക് വിവരം ലഭിച്ചെങ്കിലും അതിന്റെ ഗൗരവമോ വ്യാപ്തിയോ വാട്‌സ്ആപ്പ് വെളിപ്പെടുത്തിയില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വാട്‌സ്ആപ്പ് കൈമാറിയ കത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. പുതിയ വെളിപ്പെടുത്തലുകളും കുറ്റപ്പെടുത്തലും വിവരം ചോർത്തൽ വിഷയത്തെ കൂടുതൽ സങ്കീർണമാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More