ജയം തുടരാൻ ജംഷഡ്പൂർ; ആദ്യ ജയത്തിനായി ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ 15ആം മത്സരത്തിൽ ജംഷഡ്പൂർ എഫ്സി ബെംഗളൂരു എഫ്സിയെ നേരിടും. ജംഷഡ്പൂർ ഹോം ഗ്രൗണ്ട് ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങേണ്ടി വന്ന ബെംഗളൂരു എഫ്സി ആദ്യ ജയത്തിനായാണ് ഇന്നിറങ്ങുന്നത്. അതേ സമയം, കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ച ജംഷഡ്പൂർ ജയം തുടരുക എന്ന ലക്ഷ്യത്തോടെയാവും നിലവിലെ ചാമ്പ്യന്മാർക്കെതിരെ ബൂട്ടു കെട്ടുക.
രണ്ട് മാറ്റങ്ങളുമായാണ് ജംഷഡ്പൂർ ഇറങ്ങുക. 4-4-2 എന്ന ഫോർമേഷനിൽ കളിക്കാനിറങ്ങുന്ന ജംഷഡ്പൂരിനായി പിൻനിരയിൽ കീഗൻ പെരേരക്ക് പകരം ബികാഷ് ജെയ്റുവും മധ്യനിരയിൽ ഐസക് വൻമൽസാമക്ക് പകരം അനികേത് ജാദവും കളിക്കും. സെർജിയോ കാസ്റ്റലും ഫറൂഖ് ചൗധരിയുമാണ് ആക്രമണം നയിക്കുക. അനികേത് ജാദവ്, പിറ്റി, ഐറ്റർ മോൺറൊയ്, മൊബഷിർ റഹ്മാൻ എന്നിവർ മധ്യനിരയിലും റോബിൻ ഗുരുങ്, ടിരി, മെമോ മോറ, ബികാഷ് ജെയ്റു എന്നിവർ പ്രതിരോധത്തിലും അണിനിരക്കും. സുബ്രതാ പോൾ തന്നെയാണ് ഗോൾ വല കാക്കുക.
മറുവശത്ത് ബെംഗളൂരുവിൽ ആവട്ടെ, ആഷിഖ് കുരുണിയനു പകരം ആൽബർട്ട് സെറാൻ ടീമിലെത്തി. 4-2-3-1 എന്ന ഫോർമേഷനിലാണ് ബെംഗളൂരു ഇറങ്ങുക. മാനുവൽ ഒൻവുവിനാണ് ആക്രമണത്തിനുള്ള ചുമതല. സുനിൽ ഛേത്രി, ഉദാന്ത സിംഗ് എന്നിവർ ഇരു വശങ്ങളിൽ അണിനിരക്കും. റാഫേൽ അഗസ്റ്റോ സെൻ്റർ മിഡ്ഫീൽഡറുടെ റോളിലും ഡിമാസ് ഡെൽഗാഡോയും ഹർമഞ്ജോത് ഖബ്റയും ഡിഫൻസീവ് മിഡ്ഫീൽഡർമാരുമാണ്. രാഹുൽ ഭേക്കെ, ആൽബർട്ട് സെറാൻ, ജുവാനൻ, നിഷു കുമാർ എന്നിവരാണ് പ്രതിരോധനിരയിലുള്ളത്. ക്രോസ് ബാറിനു കീഴിൽ ഗുർപ്രീത് സിംഗ് സന്ധുവാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here