Advertisement

യുഎപിഎ നടപടി സര്‍ക്കാര്‍ പരിശോധിക്കും: പൊലീസ് ചാര്‍ജ് ചെയ്താല്‍ ഉടന്‍ പ്രാബല്യത്തില്‍ വരില്ല; മുഖ്യമന്ത്രി

November 3, 2019
1 minute Read

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ കോഴിക്കോട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎപിഎ പ്രാബല്യത്തില്‍ വരാന്‍ സര്‍ക്കാരിന്റെ അനുമതികൂടി വേണം. യുഎപിഎ പൊലീസ് ചാര്‍ജ് ചെയ്ത ഉടനെ പ്രാബല്യത്തില്‍ വരില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ആ പരിശോധനയ്ക്കുശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. ചെറുപ്പക്കാര്‍ക്കു നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎപിഎയ്‌ക്കെതിരെ ദേശീയതലത്തില്‍ തന്നെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസാക്കുമ്പോള്‍ തന്നെ അതിനെ എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഐഎം.

Read More:വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തരുത്; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ യുഎപിഎ ചുമത്തുന്നതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരം ഒരു സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കാനാവുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Read More:വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എ വി ജോർജ്

പൊലീസ് നടപടിയെ പാടെ തള്ളിക്കളയുകയാണ് പ്രാദേശിക തലം മുതലുള്ള സിപിഐഎം നേതാക്കള്‍. പൊലീസിനെ ന്യായീകരിക്കാനാവില്ലെന്നാണ് എ വിജയരാഘവന്റെ നിലപാട്. സര്‍ക്കാര്‍ നയം അനുസരിച്ചല്ല പൊലീസ് ഇടപെടലെന്ന് മറ്റ് നേതാക്കളും വിമര്‍ശിക്കുന്നു. ഉചിതമായ സമയത്ത് മുഖ്യമന്ത്രി നിലപാട് പറയുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊലീസിനെ തള്ളുമ്പോഴും അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം പരിശോധിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി.

പന്തീരങ്കാവിലെ അറസ്റ്റില്‍ പൊലീസിനെതിരെ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി വിമര്‍ശനവുമായി രംഗത്തെത്തി. സംഭവത്തില്‍ ആഷിക് അബു ഉള്‍പ്പെടെ പാര്‍ട്ടി സഹയാത്രികരും സര്‍ക്കാരിനെതിരെ തിരിഞ്ഞു. സര്‍ക്കാരിന് പൊലീസില്‍ നിയന്ത്രണമില്ലെന്നതാണ് വാളയാര്‍ കേസിലും മാവോയിസ്റ്റ് വേട്ടയിലുമുള്‍പ്പെടെ തെളിയിക്കുന്നതെന്ന് ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top