മഹാ ചുഴലിക്കാറ്റ് ഭീഷണിയാകുന്നു; ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി-20 ഉപേക്ഷിച്ചേക്കും

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി-20 ഉപേക്ഷിക്കാൻ സാധ്യത. കേരള തീരത്തുൾപ്പെടെ ആഞ്ഞടിച്ച മഹാ ചുഴലിക്കാറ്റാണ് മത്സരത്തിനു ഭീഷണിയാവുന്നത്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്.
വരുന്ന വ്യാഴാഴ്ച (ഏഴാം തിയതി)യാണ് മത്സരം. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ മഹാ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം വഴി കടന്നു പോകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഗുജറാത്തിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയുള്ള രാജ്കോട്ടിൽ കാറ്റിൻ്റെ സ്വാധീനം ഉണ്ടാവും. ഈ ദിവസങ്ങളിൽ സൗരാഷ്ട്രയിൽ ശക്തമായ മഴ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. സൗരാഷ്ട്ര തീരത്ത് മത്സ്യബന്ധനം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.
അപകടാവസ്ഥ കണക്കിലെടുത്ത് രണ്ടാമത്തെ ടി-20 ഉപേക്ഷിച്ചേക്കുമെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ. നേരത്തെ രാജ്യതലസ്ഥാനത്തെ കടുത്ത വായുമലിനീകരണം ഡൽഹിയിൽ നടന്ന ആദ്യ ടി-20 മത്സരത്തിനും ഭീഷണി ഉയർത്തിയിരുന്നു. ഡൽഹിയിൽ നിന്ന് മത്സരം മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ടി-20 മത്സരം പരാജയപ്പെട്ട ഇന്ത്യക്ക് രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ടി20 മത്സരം വളരെ നിർണ്ണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here