അപൂർവ ജന്മദിനാഘോഷത്തിന് വേദിയായി ട്വന്റിഫോർ സ്റ്റുഡിയോ: മല്ലിക സുകുമാരനും ഇതാദ്യാനുഭവം

മലയാളി മനസിലെ മായാത്ത നറുപുഞ്ചിരിയാണ് മല്ലിക സുകുമാരൻ. വെള്ളിത്തിരയിലും യഥാർത്ഥ ജീവിതത്തിലും ശക്തമായ മുദ്ര പതിപ്പിച്ച സുന്ദര വ്യക്തിത്വം. കനിവൂറുന്ന അമ്മ മുഖത്തിന് 65 വയസ് തികയുന്ന വേളയിൽ ഇന്ന് ട്വന്റിഫോർ ന്യൂസ് പ്രഭാതത്തിൽ തന്നെ അപൂർവ ജന്മദിനാഘോഷമൊരുക്കി. ഗുഡ് മോർണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ പരിപാടിയുടെ ഇന്നത്തെ അതിഥി മല്ലിക സുകുമാരനായിരുന്നു.
മലയാളത്തിന്റെ മല്ലികച്ചേച്ചി അവതാരകരായ ശ്രീകണ്ഠൻ നായർക്കും സ്മിതക്കും നിമ്മി മരിയ ജോസിനുമൊപ്പം പിറന്നാൾ കേക്ക് മുറിച്ചു. കുടുംബ വിശേഷങ്ങളും പഴയ സിനിമാനുഭവങ്ങളുംകൊണ്ട് നിറഞ്ഞതായിരുന്നു അഭിനേത്രിയുടെ സംസാരം.
‘ആദ്യമായാണ് പുറന്നാൾ ദിനത്തിൽ ഒരു ചാനലിൽ സംസാരിക്കാൻ വരുന്നത്’ എന്ന് മല്ലിക സുകുമാരൻ തന്നെ സ്വതസിദ്ധമായ ശൈലിയിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
വീഡിയോ കാണാം…
മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും മരുമക്കളായ പൂർണിമ, സുപ്രിയ എന്നിവരുടെയും പേരക്കുട്ടികളുടെയും വിശേഷങ്ങൾ മല്ലിക സുകുമാരൻ പ്രേക്ഷകരോട് പങ്കുവച്ചു. തന്നെ ആദ്യമായി ടെലിവിഷന്‍ ക്യാമറക്ക് മുന്നില്‍ എത്തിച്ചത് ശ്രീകണ്ഠൻ നായരാണെന്നും ആദ്യ കാല സിനിമാ നായിക ഓർത്തു.
മനസിൽ ചെറുപ്പം കാത്തു സൂക്ഷിക്കുന്ന മല്ലിക ചേച്ചിയുടെ സരസമായ ഭാഷണം പ്രേക്ഷകർക്ക് നവ്യാനുഭവമായി.
അട്ടപ്പാടിയിൽ ‘ അയ്യപ്പനും കോശിയും’ സിനിമയുടെ ചിത്രീകരണ തിരക്കിനിടയിൽ മകൻ പൃഥ്വിരാജും ഫോൺ കോളിലൂടെ പിറന്നാളാഘോഷത്തിൽ ഒത്തുചേർന്നു.
അമ്മ എന്ന സ്‌നേഹം മാറ്റി നിർത്തിയാൽ മല്ലിക സുകുമാരൻ മനക്കരുത്തുള്ള സ്ത്രീ ആണെന്നും അമ്മയോട് അക്കാര്യത്തിൽ ആരാധനയാണെന്നും പൃഥ്വി പറഞ്ഞു. ഒരിക്കലും തോറ്റുകൊടുക്കരുതെന്ന പാഠമാണ് അമ്മ തനിക്ക് പകർന്ന് തന്നത്. അമ്മയുടെ ഈ ശക്തി തന്റെ മകൾക്കും കിട്ടട്ടെ എന്ന പൃഥ്വിയുടെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് മല്ലിക സുകുമാരന്‍റെ കണ്ണ് നിറഞ്ഞു.
ഇന്ദ്രജിത്തിന്‍റെ ഭാര്യ പൂർണിമയും ആശംസകളുമായി എത്തയതോടെ മല്ലികയുടെ സന്തോഷം ഇരട്ടിയായി. സര്‍പ്രെെസായി ട്വന്‍റിഫോര്‍ ഒരുക്കിയ പിറന്നാള്‍ കേക്ക് മുറിക്കല്‍ ചടങ്ങും കൂടി ആയപ്പോള്‍ മല്ലിക സുകുമാരന്‍റെ 65ാം പിറന്നാള്‍ ആഘോഷം ലോകമെമ്പാടുമുള്ള പ്രേക്ഷകരും ആസ്വദിച്ചു.
ജന്മദിനമാശംസിച്ച എല്ലാവർക്കും അവർ പ്രോഗ്രാമിലൂടെ നന്ദി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here