സന്തോഷ് ട്രോഫി; കേരളം നാളെ ഇറങ്ങും

സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾക്ക് നാളെ തുടക്കം. നാളെ ആന്ധ്രപ്രദേശിനെ നേരിട്ടു കൊണ്ടാണ് കേരലം ക്യാമ്പയിൻ ആരംഭിക്കുക. ദക്ഷിണ മേഖല മത്സരങ്ങൾക്ക് കോഴിക്കോടാണ് ആതിഥ്യം വഹിക്കുക. കഴിഞ്ഞ വർഷം യോഗ്യത നേടാനാവാതിരുന്ന കേരളം ഇത്തവണ ബിനു ജോർജിനു കീഴിൽ മികച്ച ടീമുമായാണ് ഇറങ്ങുന്നത്.
രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളാണ് ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങളിൽ കളിക്കുക. എ ഗ്രൂപ്പിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിനും ആന്ധ്രപ്രദേശിനുമൊപ്പം തമിഴ്നാടാണ് ഗ്രൂപ്പ് എയിൽ പോരടിക്കുക. നാളെ വൈകിട്ട് നാലു മണിക്കാണ് മത്സരം.
എസ്ബിഐ ഗോൾ കീപ്പർ വി മിഥുനാണ് ടീമിനെ നയിക്കുക. കേരളത്തിൻ്റെ സ്വന്തം ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സിയിൽ നിന്നാണ് കൂടുതൽ താരങ്ങളുള്ളത്. ആറു താരങ്ങളാണ് ഗോകുലത്തിൽ നിന്ന് കേരള ജേഴ്സി അണിയുക. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും എഫ്സി കേരളയിൽ നിന്നും മൂന്നു താരങ്ങൾ വീതം ഉണ്ട്.
കഴിഞ്ഞ നാലു സീസണുകളായി കേരള ടീമിൻ്റെ ഗോൾ കീപ്പറാണ് മിഥുൻ. 2018 സീസണിൽ 14 വർഷത്തിനു ശേഷം കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ മിഥുനായിരുന്നു വിജയശില്പി. പെനൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ബംഗാളിൻ്റെ ആദ്യ രണ്ട് കിക്കുകളും തടുത്തിട്ട മിഥുൻ ആ വർഷത്തെ കേരള ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എംഎസ്, വിബിൻ തോമസ്, അലക്സ് സാജി തുടങ്ങി കഴിഞ്ഞ സീസണിൽ കേരളത്തിനു വേണ്ടി കളിച്ച 7 താരങ്ങൾ ഇക്കുറിയും ടീമിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here