‘കൊല്ലത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ തേരാളി’; ചലച്ചിത്ര നിർമാതാവ് കെ രവീന്ദ്രനാഥൻ നായർക്ക് ആദരം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് കെ രവീന്ദ്രനാഥൻ നായർക്ക് കൊല്ലം നഗരസഭയൊരുക്കുന്ന ആദരം പരിപാടി പുരോഗമിക്കുന്നു. കേരളത്തിനും യുവതലമുറക്കും മാതൃകയാണ് കെ രവീന്ദ്രനാഥൻ നായരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനെത്തി. സംഗീത ഗാനാർച്ചനയും നിരവധി കലാപരിപാടികളും ആദരിക്കലിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്.
കൊല്ലത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ തേരാളിയാണ് രവീന്ദ്രനാഥനെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കശുവണ്ടി തൊഴിലാളികളുടെ അവകാശങ്ങളും ആദർശങ്ങളും സംരക്ഷിച്ച കശുവണ്ടി ഫാക്ടറി മുതലാളിയാണ് അദ്ദേഹം. രവീന്ദ്രനാഥനെ തേടി രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളെത്താത്തത് ദുഃഖകരമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ഔദ്യോഗിക ബഹുമതികളേക്കാൾ വലുത് ജനമനസുകളുടെ സ്വീകരണമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.കൊല്ലം നഗരത്തിന്റെ അഭിമാന നിമിഷമാണിതെന്നും കൊല്ലത്തിനെ ഉയർത്താൻ ഇത്രയും ശ്രമിച്ച മറ്റൊരാളില്ലെന്നും അടൂർ പറഞ്ഞു. കൈവച്ച എല്ലാ മേഖലകളിലും വിജയം നേടിയ ആളാണ് രവീന്ദ്രനാഥനെന്നായിരുന്നു മന്ത്രി പി രാജു പറഞ്ഞത്. കൊല്ലം നഗരത്തിന് നിരവധി സംഭാവനകൾ നൽകിയ രവീന്ദ്രനാഥൻ നായർ നാടിന്റെ അഭിമാനമാണെന്ന് മേയർ വി രാജേന്ദ്രബാബുവും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here