ചലച്ചിത്ര നിർമ്മാതാവ് കെ രവീന്ദ്രനാഥൻ നായർക്ക് കൊല്ലം നഗരസഭ ആദരമൊരുക്കുന്നു

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കെ രവീന്ദ്രനാഥൻ നായർക്ക് ആദരമൊരുക്കാനൊരുങ്ങി കൊല്ലം നഗരസഭ. ഇന്ന് വൈകുന്നേരം നടക്കുന്ന പരിപാടിയിൽ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൊല്ലം നഗരത്തിന് നിരവധി സംഭാവനകൾ നൽകിയ രവീന്ദ്രനാഥൻ നായർ നാടിന്റെ അഭിമാനമാണെന്ന് മേയർ വി രാജേന്ദ്രബാബു പറഞ്ഞു.
കൊല്ലവും കെ രവീന്ദ്രനാഥൻ നായരും തമ്മിൽ ഇഴ മുറിയാത്ത ബന്ധമാണുള്ളത്. കശുവണ്ടി ബിസിനസിൽ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം നഗരത്തിലെ സാംസ്‌കാരിക മുദ്രകൾക്ക് കൊല്ലംകാരുടെ രവി മുതലാളി ചെലവിട്ടു. അരവിന്ദന്റെയും അടൂരിന്റെയും സിനിമകൾ അവാർഡ് പടമെന്ന് പേരിട്ട് വാണിജ്യ സിനിമാ ലോകം മുഖം തിരിച്ച കാലത്ത് ഇവരുടെ സിനിമകൾ നിർമിക്കാൻ ചങ്കൂറ്റം കാട്ടിയ ജനറല്‍ പിക്ചേര്‍സിന്‍റെ ഉടമ കൂടിയാണ് ഇദ്ദേഹം.
നഗരത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങളായ പബ്ലിക് ലൈബ്രറി, സോപാനം ഓഡിറ്റോറിയം, ജവഹർ ബാലഭവൻ, ആർട്ട് ഗാലറി എന്നിവ പണം മുടക്കി നിർമിച്ച സഹൃദയനും കൂടിയാണ് കെ രവീന്ദ്രനാഥൻ നായർ.
ഇങ്ങനെ കൊല്ലത്തിന് പലതുമായ രവി മുതലാളിയുടെ വിജയലക്ഷ്മി കാഷ്യൂസ് ആയിരക്കണക്കിനാളുകൾക്കാണ് തൊഴിൽ നൽകിയിരുന്നത്. പദ്മ അവാർഡ് നൽകാൻ പലവട്ടം ആവശ്യമുയർന്നെങ്കിലും അർഹതക്ക് അംഗീകാരമുണ്ടായില്ല. ഒടുവിൽ കൊല്ലം നഗരസഭ അദ്ദേഹത്തെ ആദരിക്കുകയാണ്.
ആദരിക്കൽ ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജു, ചലച്ചിത്ര – സാംസ്‌കാരിക ലോകത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here