പാലക്കാട് സിഡബ്ല്യുസി ചെയര്‍മാന്റെ സ്ഥാനമാറ്റം: വാളയാര്‍ കേസിനെ തുടര്‍ന്നല്ലെന്ന് പ്രതിപക്ഷം

പാലക്കാട് സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജേഷിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയത് വാളയാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അല്ലെന്ന് പ്രതിപക്ഷം. മറ്റൊരു കേസില്‍ രാജേഷിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ ഇടപെടലാണ് മാറ്റത്തിന് കാരണമായതെന്നും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ആരോപിച്ചു.
Read More:വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ പാലക്കാട് സി.ഡബ്ല്യു.സി ചെയർമാനെ സ്ഥാനത്ത് നിന്ന് മാറ്റി
വാളയാര്‍ കേസിന്റെ പശ്ചാത്തലത്തില്‍ എന്‍ രാജേഷിനെ സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ ഇത് തെറ്റാണെന്നാണ് പ്രതിപക്ഷത്തിന്റ വാദം. വാളയാര്‍ കേസിലെ മൂന്നാം പ്രതിക്കുവേണ്ടി രാജേഷ് ഹാജരായെന്നും പ്രോസിക്യൂഷന്‍ വിവരങ്ങള്‍ പ്രതിഭാഗത്തിന് ചോര്‍ത്തിനല്‍കിയെന്നുമായിരുന്നു രാജേഷിനെതിരായ ആരോപണം. തുടര്‍ന്ന് രാജേഷിനെ സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റി കഴിഞ്ഞമാസം 28 ന് ഉത്തരവിറക്കി.
എന്നാല്‍ മേയ്മാസം 17 ന് ലഭിച്ച പരാതിയിലാണ് രാജേഷിനെ നീക്കിയതെന്ന് എം കെ മുനീര്‍ ആരോപിക്കുന്നു. അതേസമയം ഒന്നിലേറെ പരാതികളിലാണ് രാജേഷിനെ മാറ്റിയതെന്നും വാളയാര്‍ കേസും അതില്‍ ഉള്‍പ്പെടുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here