ബലോട്ടെല്ലിക്കെതിരായ വംശീയാധിക്ഷേപം; നേതൃത്വം നൽകിയയാൾക്ക് 11 വർഷം സ്റ്റേഡിയത്തിൽ നിന്നു വിലക്ക്

ബലോട്ടെല്ലിയെ ചില ആരാധകർ വംശീയാധിക്ഷേപം നടത്തിയതിനെതിരെ ശക്തമായ നടപടിയുമായി ഹെല്ലാസ് വെറോണ. വംശീയാധിക്ഷേപ ചാൻ്റുകൾ മുഴക്കിയ ആരാധകരുടെ നേതാവിനെ 11 വർഷത്തേക്ക് ക്ലബ് വിലക്കി. ഒപ്പം ക്ലബിൻ്റെ അടുത്ത ഹോം മത്സരത്തിൽ സ്റ്റേഡിയം പാതി മാത്രമേ തുറക്കുകയുള്ളൂ എന്നും ക്ലബ് അറിയിച്ചു.
ബലോട്ടെല്ലിക്കെതിരെ വംശീയാധിക്ഷേപം മുഴക്കിയ വെറോണ അൾട്രാ നേതാവിനെയാണ് ക്ലബ് 11 വർഷത്തേക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കിയത്. 2030 വരെ ഇയാൾക്ക് സ്റ്റേഡിയത്തിൽ കയറാനാവില്ല. തങ്ങളുടെ ആരാധകർ ചെയ്ത തെറ്റിനു പരസ്യമായി മാപ്പു പറയാനും വെറോണ ക്ലബ് അധികൃതർ മറന്നില്ല. ഈ മാസം 24ന് ഫിയൊറൻ്റീനയുമായാണ് ഹെല്ലാസ് വെറോണയുടെ അടുത്ത മത്സരം.
ബ്രേഷ്യയുടെ താരമായ ബലോട്ടെല്ലി ആതിഥേയ ടീമിൻ്റെ ആരാധകരാൽ അപമാനിക്കപ്പെടുകയായിരുന്നു. തുടർച്ചയായ വംശീയ അധിക്ഷേപത്തിൽ മനസ്സു മടുത്ത അദ്ദേഹം പന്ത് ദേഷ്യത്തോടെ കാണികൾക്കിടയിലേക്കടിച്ചു. തുടർന്ന് കളം വിടാൻ ശ്രമിച്ച അദ്ദേഹത്തെ ഇരു ടീമുകളിലെയും കളിക്കാർ ചേർന്ന് തടഞ്ഞ് നിർത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here