പിഎസ്‌സി പരീക്ഷാ ക്രമക്കേട്; വിവാദ റാങ്ക് ലിസ്റ്റില്‍ നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ വിവാദ റാങ്ക് ലിസ്റ്റില്‍ നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച്. മൂന്ന് പ്രതികളല്ലാതെ മറ്റാരും കോപ്പി അടിച്ചതിന് തെളിവില്ല. ഇക്കാര്യം വ്യക്തമാക്കി പിഎസ്‌സി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് മേധാവി കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയന്‍ അഞ്ച് പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ഒന്ന്, രണ്ട്, ഇരുപത്തിയെട്ട് റാങ്കുകളാണ് നേടിയത്. ഇവര്‍ നടത്തിയ ക്രമക്കേടായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്നത്. ഇവര്‍ മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പിഎസ്‌സി പരീക്ഷാ ക്രമക്കേട് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പിഎസ്‌സി സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകള്‍ നേടിയവര്‍ ഒഴികെ മറ്റാരും ക്രമക്കേട് കാണിച്ചിട്ടില്ലെന്നും അതിനാല്‍ അവര്‍ക്ക് നിയമനമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നീ മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതിന് തെളിവുള്ളത്.
മൂന്നുപേരും എസ്എഫ്‌ഐ നേതാക്കളാണ്. ഇവര്‍ ക്രമക്കേട് നടത്തിയതിന് വിശദമായ തെളിവുണ്ട്. പരീക്ഷാ ഹാളില്‍ മൊബൈലിന്റെ സഹായത്തോടെ ഇവര്‍ ചോദ്യം പുറത്തേയ്ക്ക് അയച്ചുകൊടുക്കുകയും തിരികെ ലഭിച്ച ഉത്തരം എഴുതിയുമാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയതെന്നാണ് കണ്ടെത്തല്‍.
അതോടൊപ്പം തന്നെ പിഎസ്‌സി പരീക്ഷാ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. വിശദമായ അന്വേഷണത്തിന് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പരിശോധിക്കണമെന്നും കത്തില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here