ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം: മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പയിലും നിലയ്ക്കലിലും മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ഇനി ഒരാഴ്ച മാത്രം അവശേഷിക്കുമ്പോഴും പ്രളയം അടിമുടി തകര്‍ത്ത പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ണമായിട്ടില്ല.
താത്കാലിക നടപന്തലിന്റെ പണി ആരംഭിച്ചതേയുള്ളൂ. പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയെങ്കിലും ഇത് തീര്‍ത്ഥാടകര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. ശൗചാലയ നിര്‍മാണം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. പ്രളയകാലത്ത് ബലിതര്‍പ്പണസ്ഥലത്ത് അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടല്ല. ആകെ നടന്നത് സ്‌നാനഘട്ടത്തിലെ നവീകരണം മാത്രം.
ഹില്‍ടോപ്പ് പാര്‍ക്കിംഗ് ഇക്കുറിയും ഉണ്ടാകിനിടയില്ല. മണ്ണ് ഇടിയുന്നത് തടയാന്‍ ഇട്ടിരുന്ന മണല്‍ ചാക്കുകള്‍ എല്ലാം മഴയില്‍ ഒഴുകി പോയി. ചാലക്കയം മുതല്‍ പ്ലാപ്പള്ളി വരെയുള്ള റോഡു നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും വശങ്ങള്‍ ഇടിഞ്ഞു പോയതിനാല്‍ നിര്‍മാണം നടക്കുന്നതേയുള്ളു. നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളും തകര്‍ന്ന നിലയിലാണ്. കുടിവെള്ളം എത്തിക്കാനുള്ള പണികളും ഇവിടെ പുരോഗമിക്കുകയാണ്. പാര്‍ക്കിംഗിനായി കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here