പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യസുരക്ഷാ ലാബിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

പത്തനംതിട്ട ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിക്ക് സ്വന്തമായി ലാബ് നിര്‍മിക്കുന്നതിന് 4.55 ഏക്കര്‍ ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട കടമ്മനിട്ട റോഡില്‍ അണ്ണായിപ്പാറ എന്ന സ്ഥലത്താണ് ഭൂമി അനുവദിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരമാണ് ഭൂമി ലഭ്യമാക്കിയിട്ടുള്ളത്.
പത്തനംതിട്ട ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലാബ് കഴിഞ്ഞ 21 വര്‍ഷമായി പത്തനംതിട്ട ടൗണില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. സ്ഥല പരിമിതിയും ഭീമമായ വാടകയും ഭക്ഷ്യസുരക്ഷാ വകുപ്പിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ശബരിമലയിലെ വഴിപാട് പ്രസാദം, കുടിവെള്ളം, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവ പരിശോധിക്കുവാന്‍ ഭക്ഷ്യസുരക്ഷാ ലാബ് പ്രവര്‍ത്തനമാരംഭിക്കണമെന്ന ഹൈക്കോടതിയുടെ 1997ലെ വിധിയുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് 1998 ല്‍ പത്തനംതിട്ട നഗരത്തില്‍ വാടക കെട്ടിടത്തില്‍ ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിച്ചത്.
ശബരിമലയിലെ ഭക്ഷ്യ വസ്തുക്കളുടേയും വഴിപാട് അസംസ്‌കൃത വസ്തുക്കളുടേയും ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവര്‍ത്തനം വിപുലീകരിക്കേണ്ടതുണ്ട്. അതിനാലാണ് ലാബ് കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here