മുൻ ചെന്നൈയിൻ താരം സ്റ്റീവൻ മെൻഡോസ കൊളബിയൻ ദേശീയ ടീമിൽ

മുൻ ചെന്നൈയിൻ എഫ്സി താരമായ സ്റ്റീവൻ മെൻഡോസ കൊളംബിയൻ ദേശീയ ടീമിൽ ഇടം നേടി. നിലവിൽ ഫ്രഞ്ച് ക്ലബ് അമിയൻസിന്റെ താരമായ അദ്ദേഹത്തിന് ക്ലബ് തലത്തിൽ നടത്തുന്ന മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന മെൻഡോസ ക്ലബിനായി 40 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയിട്ടുണ്ട്.
പെറു, ഇക്വഡോർ എന്നീ ടീമുകൾക്കെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലാണ് മെൻഡോസയെ ഉൾപ്പടുത്തിയത്. കൊളംബിയയുടെ അണ്ടർ 17 അണ്ടർ 20 ഏജ് ടീമുകളിൽ കളിച്ചിട്ടുള്ള അദ്ദേഹം ആദ്യമായാണ് സീനിയർ ടീമിൽ ബൂട്ടണിയുക.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ആദ്യ രണ്ട് സീസണുകളിലാണ് മെൻഡോസ ചെന്നൈയിനായി കളിച്ചത്. ആദ്യ സീസണിൽ നാലു ഗോൾ നേടിയ അദേഹം രണ്ടാം സീസണിൽ 13 ഗോൾ നേടി ലീഗ് ടോപ്പ് സ്കോററായി. ആ വർഷത്തെ ചെന്നൈ കിരീടധാരണത്തിൽ മെൻഡോസയുടെ പങ്ക് വിലമതിക്കാനാവാത്തതായിരുന്നു.
ബ്രസീലിയൻ ക്ലബ് കൊറിന്ത്യൻസിലുൾപ്പെടെ കളിച്ചിട്ടുള്ള മെൻഡോസ ആകെ 58 ക്ലബ് ഗോളുകൾ നേടിയിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധ ഏജ് ഗ്രൂപ്പുകളിലയി 12 മത്സരങ്ങളിൽ കളത്തിലിറങ്ങിയ അദ്ദേഹം ഒരു ഗോൾ പോലും നേടിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here