സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം കളിമറന്നു; തമിഴ്നാടിനെതിരെ കനത്ത തോൽവി

സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ കേരളത്തിനു 37 റൺസിൻ്റെ കനത്ത തോൽവി. അയൽക്കാരായ തമിഴ്നാടാണ് കേരളത്തെ തോൽപിച്ചത്. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി 174 റൺസെടുത്ത തമിഴ്നാടിനു മറുപടിയായി 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കേരളത്തിനു സാധിച്ചുള്ളൂ.
തിരുവനന്തപുരം സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഉജ്ജ്വലമായി ബൗളിംഗ് ആരംഭിച്ച കേരള പേസർമാർ ക്യാപ്റ്റൻ്റെ തീരുമാനം ശരിവെച്ചു. 3.2 ഓവറിൽ സ്കോർ ബോർഡിൽ 12 റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും രണ്ട് ഓപ്പണർമാരെയും തമിഴ്നാടിനു നഷ്ടമായി. മുരളി വിജയ് (1), എൻ ജഗദീശൻ (8) എന്നിവരെ യഥാക്രമം ബേസിൽ തമ്പിയും കെഎം ആസിഫും പുറത്താക്കുകയായിരുന്നു.
പിന്നാലെ 26 പന്തുകളിൽ 35 റൺസെടുത്ത ബാബ അപരാചിത് റിട്ടയർഡ് ഹർട്ടായി മടങ്ങി. പതിനൊന്നാം ഓവറിലെ രണ്ടാം പന്തിൽ 31 പന്തുകളിൽ 33 റൺസെടുത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തികിനെ റോബിൻ ഉത്തപ്പ റണ്ണൗട്ടാക്കുമ്പോൾ 68 റൺസ് മാത്രമായിരുന്നു സ്കോർബോർഡിൽ ഉണ്ടായിരുന്നത്. നാലാം വിക്കറ്റിൽ വിജയ് ശങ്കറും ഷാരൂഖ് ഖാനും ചേർന്ന കൂട്ടുകെട്ട് ചേർത്ത 63 റൺസാണ് തമിഴ്നാടിനെ രക്ഷിച്ചത്. 18 പന്തുകളിൽ 25 റൺസെടുത്ത വിജയ് ശങ്കറിനെയും 18 പന്തുകളിൽ 28 റൺസെടുത്ത ഷരൂഖ് ഖാനെയും ബേസിൽ തമ്പി പുറത്താക്കി. ഏഴാമത് ഇറങ്ങിയ എം മുഹമ്മദിൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗാണ് തമിഴ്നാടിനെ മികച്ച സ്കോറിലെത്തിച്ചത്. 11 പന്തുകളിൽ 34 റൺസെടുത്ത മുഹമ്മദ് പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിൻ്റെയും തുടക്കം തകർച്ചയോടെ ആയിരുന്നു. ക്യാപ്റ്റൻ റോബിൻ ഉത്തപ്പ 9 റൺസെടുത്ത് പുറത്തായി. ജി പെരിയസാമിക്കായിരുന്നു വിക്കറ്റ്. വിഷ്ണു വിനോദ് (24), രോഹൻ കുന്നുമ്മൽ (34), സച്ചിൻ ബേബി (32), മുഹമ്മദ് അസ്‌ഹറുദ്ദീൻ (17) എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. യഥാക്രമം എം മുഹമ്മദ്, എം അശ്വിൻ, ടി നടരാജൻ, ജി പെരിയസാമി എന്നിവരാണ് ഇവരുടെ വിക്കറ്റുകൾ നേടിയത്. പൊന്നം രാഹുൽ (4), ജലജ് സക്സേന (2), എസ് മിധുൻ (3), ബേസിൽ തമ്പി (1) എന്നിവർ വേഗം പുറത്തായി. നടരാജനും പെരിയസാമിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
11ന് ത്രിപുരക്കെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here