കാരേറ്റ്-പാലോട് റോഡ് കാലാവധിക്ക് മുമ്പ് പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരനെതിരെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി; 24 ഇംപാക്ട്

തിരുവന്തപുരം കാരേറ്റ് -പാലോട് റോഡ് കാലാവധിക്ക് മുമ്പ് പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരനെതിരെ നിയമനടപടിയെടുക്കാൻ തീരുമാനം. പുതുതായി നിർമ്മിക്കുന്ന റോഡുകൾ കാലാവധിക്ക് മുമ്പ് പൊട്ടി പൊളിയുന്ന സ്ഥിതിയുണ്ടായാൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ജി സുധാകരൻ.
അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബി വഴി നിർമ്മിക്കുന്ന ടൂറിസം പാതയിൽ കാരേറ്റ് മുതൽ പാലോട് വരെയുള്ള നിർമാണത്തിലെ ക്രമക്കേടും നാട്ടുകാരുടെ ദുരിതവും കഴിഞ്ഞ ദിവസം ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേർന്നത്.
റോഡിന്റെ 30 ശതമാനം പ്രവൃത്തികൾ മാത്രമാണ് നടന്നിട്ടുള്ളതെന്ന് യോഗം വിലയിരുത്തി. കാലാവധിക്ക് മുമ്പ് പ്രവൃത്തി പൂർത്തീകരിക്കണമെന്നും ഗുണമേന്മ ഉറപ്പാക്കി കിഫ്ബി മാനദണ്ഡപ്രകാരം പണികൾ നടത്തണമെന്നും മന്ത്രി ജി സുധാകരൻ ചീഫ് എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകി.
അനുകൂല കാലാവസ്ഥയിൽ പുരോഗതിയുണ്ടായില്ലെങ്കിൽ കരാറുകാരനെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. പ്രവൃത്തികൾ നടക്കുമ്പോൾ ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉറപ്പ് വരുത്തണം. കരാർ ഏറ്റെടുത്തതിന് ശേഷം പ്രവൃത്തി ചെയ്യാതെ മെല്ലെപോക്ക് നയം സ്വീകരിക്കുന്ന കരാറുകാർക്കെതിരെയും നടപടി സ്വീകരിക്കും. പുതുതായി നിർമ്മിക്കുന്ന റോഡുകൾ കാലാവധിക്ക് മുമ്പ് പൊട്ടി പൊളിയുന്ന സ്ഥിതിയുണ്ടായാൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാരേറ്റ്-പാലോട് റോഡിന്റെ ശോചനീയവസ്ഥയ്ക്കതിരെ നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ച് പ്രതിഷേധത്തിലാണ്. രണ്ടര വർഷമായി റോഡു നിർമ്മാണം തുടങ്ങിയെങ്കിലും ഇതുവരേയും പലയിടത്തും പ്രാഥമിക ജോലികൾ പോലും നടന്നിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here