രണ്ട് രൂപയെച്ചൊല്ലി തർക്കം; യുവാവിനെ തലക്കടിച്ച് കൊന്നു

രണ്ട് രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ തലക്കടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. നിർമ്മാണത്തൊഴിലാളിയായ സുവർണ രാജുവാണ് കൊല്ലപ്പെട്ടത്.
തൻ്റെ സൈക്കിൾ ടയറിൽ കാറ്റു നിറക്കാനായാണ് സുവർണരാജു (24) സാമ്പയുടെ കടയിലേക്ക് പോയത്. കാറ്റടിച്ചതിനു ശേഷം കൂലിയായി സാമ്പ രണ്ട് രൂപ ആവശ്യപ്പെട്ടു. എന്നാൽ തൻ്റെ കയ്യിൽ രണ്ട് രൂപ ഇല്ലെന്നായി രാജു. ഇതിൽ കുപിതനായ സാമ്പ രാജുവിനെ അസഭ്യം പറഞ്ഞു. രാജു തിരികെ സാമ്പയെയും ചീത്ത പറഞ്ഞു. ഇതോടെ ഇരുവർക്കുമിടയിൽ തർക്കവും കയ്യാങ്കളിയും പൊട്ടിപ്പുറപ്പെട്ടു.
ഇതിനിടെ സാമ്പയുടെ സുഹൃത്ത് അപ്പാറാവു ഒരു ഇരുമ്പുകമ്പിയെടുത്ത് രാജുവിൻ്റെ തലക്കടിച്ചു. അടികൊണ്ട് നിലത്തു വീണ രാജുവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സക്കിടെ രാജു മരണപ്പെടുകയായിരുന്നു.
സാമ്പക്കും അപ്പാ റാവുവിനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സാമ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പാ റാവു ഒളിവിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here