Advertisement

ഷഫലി-സ്മൃതി റെക്കോർഡ് കൂട്ടുകെട്ട്; ആദ്യ ടി-20യിൽ വിൻഡീസിനെ തകർത്ത് ഇന്ത്യൻ വനിതകൾ

November 10, 2019
Google News 1 minute Read

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. 84 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്. 143 റൺസ് നീണ്ട ഷഫലി വർമ്മ-സ്മൃതി മന്ദന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഗംഭീര ജയം സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്റ്റത്തിൽ 185 റൺസെടുത്ത ഇന്ത്യക്ക് മറുപടിയായി 9 വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുക്കാനേ ആതിഥേയർക്ക് സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു വേണ്ടി സ്മൃതി മന്ദനയും 15കാരി ഷഫലി വർമ്മയും ചേർന്ന് ഗംഭീര തുടക്കം നൽകി. ബൗണ്ടറികൾ അടിക്കാൻ പരസ്പരം മത്സരിച്ച ഇവർ 15.3 ഓവറിലാണ് വേർപിരിഞ്ഞത്. 49 പന്തുകളിൽ ആറു ബൗണ്ടറികളും നാലു സിക്സറുകളും സഹിതം 67 റൺസെടുത്ത ഷഫലി വർമ്മ ഷക്കീറ സൽമാനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയ 143 റൺസ് ടി-20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്.

തൊട്ടടുത്ത ഓവറിൽ മന്ദനയും മടങ്ങി. 46 പന്തുകളിൽ 11 ബൗണ്ടറികളടക്കം 67 റൺസെടുത്ത മന്ദനയെ അനീസ മുഹമ്മദ് ആണ് പുറത്താക്കിയത്.

ഹർമൻപ്രീത് കൗർ (13 പന്തുകളിൽ 21*), വേദ കൃഷ്ണമൂർത്തി (ഏഴ് പന്തുകളിൽ 15*) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഷക്കീറ സൽമാനും അനീസ മുഹമ്മദും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താനായില്ല. 33 റൺസെടുത്ത ഷെമൈൻ ക്യാംപ്ബെൽ ആണ് അവരുടെ ടോപ്പ് സ്കോറർ. ഹെയ്ലി മാത്യൂസ് (13), സ്റ്റേസി ആൻ കിംഗ് (13) തുടങ്ങിയവരാണ് മറ്റു സ്കോറർമാർ. ശിഖ പാണ്ഡേ, പൂനം യാദവ്, രാധ യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here