കുളത്തില്‍ മുങ്ങിത്താഴ്ന്ന പന്ത്രണ്ടുകാരന് രക്ഷകരായി പൊലീസ്

കുളത്തില്‍ മുങ്ങിത്താഴ്ന്ന പന്ത്രണ്ടുവയസുകാരന് രക്ഷകരായി പൊലീസ്. കളര്‍കോട് ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ കുതിരപ്പന്തി സ്വദേശിയായ 12 വയസുകാരന്‍ മുഹമ്മദ് ഇര്‍ഫാനാണ് കാല്‍ വഴുതി കുളത്തില്‍ വീണത്.
ഇതിനിടെ ഇതുവഴി പട്രോളിംഗിനെത്തിയ പോലീസ് സംഘം കുളത്തിനടുത്ത് കുട്ടികള്‍ ബഹളംവയ്ക്കുന്നത് ശ്രദ്ധിച്ച് സ്ഥലത്തെത്തുകയായിരുന്നു. കുട്ടികളോട് വിവരം തിരക്കിയപ്പോഴാണ് ഇര്‍ഫാന്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നതായി മനസിലാക്കിയത്. ഉടന്‍തന്നെ പൊലീസുദ്യോഗസ്ഥര്‍ കുളത്തില്‍ ചാടി തെരച്ചില്‍ നടത്തുകയും മുഹമ്മദ് ഇര്‍ഫാനെ രക്ഷപ്പെടുത്തുകയും ചെയ്തു.
അബോധാവസ്ഥയിലായിരുന്ന ഇര്‍ഫാനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ മോഹന്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റോബിന്‍സണ്‍, ബിനുകുമാര്‍, മണികണ്ഠന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here