ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’; റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ചിത്രം

ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ‘ദി ഒഡീസി’ റിലീസിന് ഒരു വർഷം മുമ്പുതന്നെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. 2026 ജൂലൈ 26-നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാൽ 2025 ജൂലൈ 17 മുതൽ തിരഞ്ഞെടുക്കപ്പെട്ട 70mm ഐമാക്സ് തിയേറ്ററുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷങ്ങൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇത്രയും കാലയളവ് മുൻപ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതും ഇത്ര വേഗത്തിൽ വിറ്റഴിയുന്നതും ഒരു സിനിമയുടെ കാര്യത്തിൽ ഇത് ആദ്യമായാണ്. [Christopher Nolan’s ‘The Odyssey’]
ക്രിസ്റ്റഫർ നോളന്റെ ഓസ്കാർ ചിത്രം ‘ഓപ്പൺഹൈമറിന്’ ശേഷമെത്തുന്ന സിനിമയെന്ന നിലയിൽ ‘ദി ഒഡീസി’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തുന്നത്.ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ‘ഒഡീസി’യെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജൻ യുദ്ധത്തിനുശേഷം സ്വന്തം രാജ്യമായ ഇത്താക്കയിലേക്ക്, ഭാര്യ പെനലോപ്പിയുടെ അടുത്തേക്ക് മടങ്ങാൻ ശ്രമിക്കുന്ന രാജാവ് ഒഡീഷ്യസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിൽ മാറ്റ് ഡാമൺ പ്രധാന കഥാപാത്രമായ ഒഡീഷ്യസിനെ അവതരിപ്പിക്കുന്നു. കൂടാതെ വൻ താരനിരയും ചിത്രത്തിലുണ്ട്: ടോം ഹോളണ്ട് ഒഡീഷ്യസിന്റെ മകൻ ടെലിമാക്കസായി എത്തുന്നു, ചാർലിസ് തെറോൺ മാന്ത്രിക ദേവതയായ സിർസിയായി വേഷമിടുന്നു. ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്. എന്നിരുന്നാലും ആനി ഹാത്ത്വേ, സെൻഡായ, റോബർട്ട് പാറ്റിൻസൺ എന്നിവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Read Also: ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വമ്പന്‍ ആക്ഷന്‍ ചിത്രം
നോളൻ തന്റെ ചിത്രങ്ങളിൽ ഐമാക്സ് ഫോർമാറ്റ് ഉപയോഗിക്കുന്നത് പുതിയ കാര്യമല്ല. 2008-ലെ ബ്ലോക്ക്ബസ്റ്ററായ ‘ദി ഡാർക്ക് നൈറ്റി’ലാണ് അദ്ദേഹം ആദ്യമായി ഐമാക്സ് ക്യാമറകൾ ഉപയോഗിച്ചത്. അന്ന് ചില ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കാൻ മാത്രമാണ് ഐമാക്സ് ക്യാമറകൾ ഉപയോഗിച്ചത്. ഹോളിവുഡിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ചിത്രമായിരുന്നു ‘ദി ഡാർക്ക് നൈറ്റ്’. പിന്നീട് ‘ഇൻസെപ്ഷൻ’ (2010), ‘ഇന്റർസ്റ്റെല്ലാർ’ (2014), ‘ടെനെറ്റ്’ (2020) തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഐമാക്സ് ക്യാമറകൾ ഉപയോഗിച്ചു. എന്നാൽ ‘ദ് ഒഡീസി’ പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ ചിത്രമാണ്.
“ഒരു വർഷം മുൻപുതന്നെ ‘ദ് ഒഡീസി’യുടെ ആദ്യ ഐമാക്സ് 70എംഎം സ്ക്രീനിങ്ങിനുള്ള യൂണിവേഴ്സൽ സിറ്റിവാക്കിന്റെ ടിക്കറ്റുകൾ ഏതാണ്ട് പൂർണ്ണമായും വിറ്റുതീർന്നു,” എന്ന് എഎംസി തിയേറ്റേഴ്സ് ആപ്പിലെ ടിക്കറ്റ് വിൽപ്പനയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാതാവ് ഡാൻ മാർക്കസ് എക്സിൽ കുറിച്ചു. പിന്നീട് ഷോയുടെ ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നതായി കാണിക്കുന്ന മറ്റൊരു സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചു. ഷൂട്ടിംഗ് പോലും പൂർത്തിയായിട്ടില്ലാത്ത ഒരു ചിത്രത്തിന് റിലീസിനും ഒരു വർഷം മുമ്പേ ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്നത് സിനിമാ ലോകത്ത് ഒരു പുതിയ റെക്കോർഡ് തന്നെയാണ്.
Story Highlights : Christopher Nolan’s ‘The Odyssey’ creates history with housefull bookings a year before release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here