Advertisement

രാജു പോൾ സ്കൂൾ മാറി; ഇത്തവണ സ്കൂൾ കായിക മേളയിൽ കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ മൊട്ടക്കൂട്ടമില്ല

November 10, 2019
Google News 0 minutes Read

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത്തവണ കോതമംഗലത്തു നിന്നുള്ള മൊട്ടക്കൂട്ടമില്ല. എറണാകുളം ജില്ലാ കായിക മേളയിൽ കോതമംഗലം സെൻ്റ് ജോർജ് സ്കൂളിൽ നിന്ന് ഒരാൾ പോലും മൽസരിക്കാത്തതോടെ സംസ്ഥാന മേളയിലും സെന്റ് ജോർജിന്റെ അസാന്നിധ്യമുണ്ടാകും. പത്തു തവണ സെൻ്റ് ജോർജിനെ സംസ്ഥാന ചാമ്പ്യൻമാരാക്കിയ രാജു പോൾ, പരിശീലക സ്ഥാനത്തു നിന്ന് മാറിയതാണ് സ്കൂളിന് തിരിച്ചടിയായത്.

സംസ്ഥാനത്തെ കായിക പ്രേമികളെ നിരാശയിലാക്കിയാണ് സ്കൂൾ കായികമേളയിൽ നിന്ന് നിലവിലെ ചാമ്പ്യൻമാരായ കോതമംഗലം സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സമ്പൂർണ പിന്മാറ്റം. ദേശീയ മീറ്റിൽ ഒൻപത് തവണയും, സംസ്ഥാന തലത്തിൽ പത്ത് തവണയും ഒന്നാം സ്ഥാനത്ത്‌ എത്തിയ സ്കൂളാണിത്. കഴിഞ്ഞ തവണ എറണാകുളം ജില്ല കായിക മേളയിൽ 81 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ ജില്ല കായിക മേളയിൽ ഇത്തവണ കോതമംഗലം സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്‌കൂളിൽ നിന്ന് ഒരൊറ്റ കുട്ടി പോലും മൽസരിക്കുന്നില്ല. ഇതോടെ ഈ വർഷം സംസ്ഥാനമേളയിൽ മൊട്ട കൂട്ടം ഉണ്ടാകില്ലെന്ന് ഉറപ്പായി. സ്കൂളിലെ പ്രധാന കായിക അദ്ധ്യാപകനായ രാജു പോൾ വിരമിച്ചതിനെ തുടർന്ന് പുതിയ പരിശീലകനെ കണ്ടെത്താൻ മാനേജ്മെന്റ് ശ്രമിക്കാത്തതാണ് മേളയിൽ നിന്ന് സ്കൂളിന് പിന്നോട്ട് പോകേണ്ടി വന്നത്.

കഴിഞ്ഞ തവണ വിജയം നേടാൻ മുന്നിൽ നിന്ന മണിപ്പൂരിൽ നിന്നുള്ള പത്തോളം കുട്ടികൾ മറ്റ് സ്കൂളുകളിലേക്ക് പോവുകയും, സെന്റ് ജോർജ് സ്കൂളിൽ പരിശീലനം നേടിയ പത്ത് കുട്ടികൾ കായിക അദ്ധ്യാപകൻ രാജു പോളിന്റെ കൂടെ ജിവി രാജ സ്കൂളിലേക്ക് കൂട് മാറിയതും സ്കൂളിന് തിരിച്ചടിയായി.

കഴിഞ്ഞ സംസ്ഥാന മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മൽസരത്തിൽ പങ്കെടുത്ത 25 കുട്ടികളും മെഡൽ കരസ്ഥമാക്കിയിരുന്നു. നാല് ഒളിമ്പ്യൻ താരങ്ങളെയും, 14 രാജ്യാന്തര താരങ്ങളെയും, നിരവധി ദേശീയ താരങ്ങളെയും സമ്മാനിച്ച സ്കൂളാണ് കായിക രംഗത്തു നിന്ന് പിന്നോട്ടു പോകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here