Advertisement

റോയൽ എൻഫീൽഡിനും ജാവക്കും ഭീഷണി; വമ്പൻ വിലക്കുറവിൽ ബെനെലി ഇന്ത്യൻ വിപണിയിലേക്ക്

November 11, 2019
1 minute Read

റോയൽ എൻഫീൽഡിനും ജാവക്കും ഭീഷണിയായി വിഖ്യാത ഇറ്റലിയൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ ബെനെലി ഇന്ത്യൻ വിപണിയിലേക്ക്. ബെനെലി ഇന്ത്യൻ വിപണിയിലെത്തിച്ച ക്രൂസർ മോഡൽ ഇംപീരിയാലെ 400 ആണ് റോയൽ എൻഫീൽഡിനും ജാവക്കും ഭീഷണിയായിരിക്കുന്നത്. മറ്റ് രണ്ട് ബ്രാൻഡുകൾ പരിഗണിക്കുമ്പോൾ വമ്പൻ വിലക്കുറവിലാണ് ബെനെലി ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്.

1.69 ലക്ഷം രൂപ മാത്രമാണ് ഇംപീരിയാലെ 400ൻ്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണിത്. ക്ലാസിക്ക് ക്രൂസർ ശ്രേണിയിലുള്ള ബെനെലിയുടെ ആദ്യ മോഡലാണിത്. 2017ൽ ആഗോളതരത്തിൽ അവതരിപ്പിക്കപ്പെട്ട ഇംപീരിയാലെ രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയിലേക്കെത്തുന്നത്. ഈ മോഡൽ ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമാണെന്നാണ് ബെനെലി അവകാശപ്പെടുന്നത്.

374 സി.സി., എസ്.ഒ.എച്ച്.സി., സിംഗിൾ സിലിണ്ടർ, 4-സ്‌ട്രോക്ക്, എയർകൂളായ എൻജിനാണ് ഇംപീരിയാലെ 400ന് ഉള്ളത്. ബിഎസ്-4 മലിനീകരണ ചട്ടങ്ങൾ അനുശാസിക്കുന്ന എൻജിനാണിത്. അഞ്ച് ഗിയറുകളുണ്ട്. വൃത്താകൃതിയുള്ള ഹെഡ്‌ലൈറ്റും അതിനുയോജിച്ച ഇൻഡിക്കേറ്ററുകളുമാണുള്ളത്. എൽസിഡി സ്‌ക്രീൻ, വീതിയേറിയ ഹാൻഡിൽബാർ, ക്രൂസറുകളിലെ തനത് ഇന്ധനടാങ്ക്, സ്‌പ്ളിറ്റ് സീറ്റുകൾ എന്നിവയും ഈ മോഡലിൻ്റെ സവിശേഷതയാണ്.

ഇതിനൊപ്പം ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്. വളരെ സ്മൂത്തായ എൻജിനാണ് ഈ മോഡലിനുള്ളത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലും സുഖയാത്ര നൽകുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സിൽവർ, മെറൂൺ, കറുപ്പ് നിറങ്ങളിൽ ബൈക്ക് ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top