Advertisement

‘റോഡിന്റെ നിലവാരത്തിൽ വിട്ടുവീഴ്ചയില്ല; 36 റോഡുകളുടെ നിർമാണത്തിന് താത്ക്കാലിക വിലക്ക്’ : മന്ത്രി സുധാകരന് മറുപടിയുമായി കിഫ്ബി

November 11, 2019
1 minute Read

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് മറുപടിയുമായി കിഫ്ബി. റോഡിന്റെ നിലവാരത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറഞ്ഞ കിഫ്ബി 36 റോഡ് നിർമാണത്തിന് താത്ക്കാലിക
വിലക്ക് ഏർപ്പെടുത്തി. 12 റോഡുകൾക്ക് സ്റ്റോപ്പ് മെമ്മോയും നൽകിയിട്ടുണ്ട്. റോഡ് നിർമാണത്തിന് പണം തടസമല്ലെന്നും പൊതുമരാമത്തിന്റെ അധികാരത്തിൽ കടന്നു കയറിയില്ലെന്നും കിഫ്ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വർക്കലപൊൻമുടി ടൂറിസം റോഡിലെ പാലോട്-കാരേറ്റ് സ്‌ട്രെച്ചിന്റെ ശോചനാവസ്ഥയെ കുറിച്ചുള്ള വാർത്ത ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കിഫ്ബി നടപടിയുമായി രംഗത്തെത്തിയത്. ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടിൽ തന്നെ ഇൻസ്‌പെക്ഷൻ അതോറിറ്റി(സാങ്കേതികം/ഭരണപരം) എന്ന സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഈ ഇൻസ്‌പെക്ഷൻ അതോറിറ്റിക്ക് പദ്ധതികൾ പരിശോധിക്കാനുള്ള വിപുലമായ അധികാരം നിയമസഭ ഏകകണ്‌ഠേന പാസാക്കിയ നിയമം നൽകുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കറിച്ചു.

പാലോട്-കാരേറ്റ് സ്‌ട്രെച്ചിനെ കുറിച്ചുള്ള മാധ്യമവാർത്തകളുടെയും റോഡിനെ കുറിച്ച് പൊതുജനങ്ങൡ നിന്ന് ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിൽ കിഫ്ബി ഇൻസ്‌പെക്ഷൻ ടീം അവിടെ പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ റോഡ് നിർമാണത്തിൽ ഒട്ടേറെ പിഴവുകൾ സംഘം കണ്ടെത്തി. ടിആർസിയും കിഫ്ബിയും ചേർന്ന് തയാറാക്കിയ രൂപരേഖ അടിസ്ഥാനമാക്കിയല്ല റോഡിന്റെ നിർമാണം എന്ന് സംഘം കണ്ടെത്തി. വർക് സൈറ്റിൽ ഉണ്ടായിരിക്കേണ്ട രജിസ്റ്ററുകൾ ഒന്നും ഉണ്ടായിരുന്നില്ല. നിയമപ്രകാരം ഉണ്ടായിരിക്കേണ്ട സിമന്റ്, സ്റ്റീൽ രജിസ്റ്ററുകൾ നിർമാണം തുടങ്ങി 15 മാസങ്ങൾക്ക് ശേഷവും സൈറ്റിൽ ഉണ്ടായിരുന്നില്ല. പ്രൈം, ടാക് കോട്ടുകളുടെ സ്‌പ്രേ റേറ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മൂല്യം തെറ്റായിരുന്നു. എന്നിട്ടും ചാർജുണ്ടായിരുന്ന എഞ്ചിനിയർ അതിന് അനുമതി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

Read Also : ‘കിഫ്ബിയിലെ ഉദ്യോഗസ്ഥർ ഭക്ഷണം വിഴുങ്ങാൻ ഇരിക്കുന്ന ബകനെ പോലെ’; ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ

ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ അതോറിറ്റിയുടെ ആവർത്തിച്ചുള്ള നിർദേശമുണ്ടായിട്ടും പിഇഡി തയാറാക്കിയില്ല. കഴിഞ്ഞ ഏപ്രിലിൽ ഇൻസ്‌പെക്ഷൻ ടീം നടത്തിയ പരിശോധനയിൽ 23 ശതമാനം മാത്രമാണ് നിർമാണത്തിലുണ്ടായ പുരോഗതിയെന്ന് കണ്ടെത്തി. എന്നാൽ കരാറനുസരിച്ച് ഈ സമയത്തിനകം 72 ശതമാനം പണികൾ കരാറുകാരൻ പൂർത്തിയാക്കേണ്ടതായിരുന്നു. പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിച്ച് ഏഴുദിവസത്തിനകം കിഫ്ബിയുടെ ചീഫ് പ്രോജക്ട് എക്‌സാമിനർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിക്കപ്പെട്ടിരുന്നു. എന്നാൽ സമയബന്ധിതമായി ഇത് പാലിക്കപ്പെട്ടിട്ടില്ല. പദ്ധതിയുടെ രൂപകൽപ്പനയിലോ നടത്തിപ്പിലോ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കിൽ അത് കിഫ്ബി മാർഗരേഖയ്ക്ക് വിധേയമായി മാത്രമേ പാടുള്ളു എന്നതും നിർദേശിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട കിഫ്ബി നൽകിയിട്ടുള്ള മേൽപ്പറഞ്ഞ നിർദേശങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ ഒന്നും നടപ്പാക്കിയതായി കാണുന്നില്ലെന്നും ഇത്തരത്തിലുള്ള 36 പിഡബ്ല്യൂഡി നിർമാണപ്രവൃത്തികളിൽ ഗുണനിലവാരമോ, പുരോഗതിയോ ഇല്ലെന്ന് ആദ്യഘട്ട പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നുവെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ 36 റോഡുകളുടെ നിർമാണത്തിന് താത്ക്കാലിക വിലക്കേർപ്പെടുത്തിയതായി പോസ്റ്റിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top