കേരളത്തിൽ ആർട്ട് ഡെക്കോ മൾട്ടിപ്ലക്‌സുകൾ ഒരുങ്ങുന്നു

സംസ്ഥാനത്ത് 12 ആർട്ട് ഡെക്കോ മൾട്ടിപ്ലക്‌സ് തിയേറ്ററുകളാരംഭിക്കാനൊരുങ്ങി ചലച്ചിത്ര വികസന കോർപറേഷൻ. കായംകുളം, കാക്കനാട്, പേരാമ്പ്ര, പയ്യന്നൂർ, തലശ്ശേരി അടക്കം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായിരിക്കും പുതിയ തിയറ്ററുകൾ.
ആർട്ട് ഡെക്കോ നിർമാണ രീതിയിലാണ് തിയേറ്ററുകൾ നിർമിക്കുന്നത്. ഒന്നാം ലോക മഹാ യുദ്ധത്തിന് തൊട്ടുമുമ്പ് ഫ്രാൻസിൽ പ്രത്യക്ഷപ്പെട്ട വാസ്തു വിദ്യ, രൂപകൽപ്പന രീതിയാണ് ആർട്ട് ഡെക്കോ.
ആദ്യത്തെ അന്തർദേശീയ കെട്ടിട നിർമാണ ശൈലികളിലൊന്നാണ് ആർട്ട് ഡെക്കോ. കെട്ടിടങ്ങൾ, ഫർണിച്ചർ, കാറുകൾ, സിനിമാ തിയേറ്ററുകൾ, ട്രെയിനുകൾ തുടങ്ങി ആഭരണങ്ങൾ ഉൾപ്പടെയുള്ള ദൈനംദിന വസ്തുക്കളും ആർട്ട് ഡെക്കോ രീതിയിലുണ്ട്. 1920 കളിലും 1930 കളിലും നിർമിച്ച ആർട്ട് ഡെക്കോ ശൈലിയുടെ സ്മാരകങ്ങൾ ഇന്നും ന്യൂയോർക്കിലുണ്ട്.
നവാഗത സംവിധായകരെ പ്രോത്സാഹിപ്പിക്കുക, സിനിമ ആസ്വാദനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുമേഖല സ്ഥാപനമായ കിറ്റ്‌കോയാണ് പുതിയ മൾട്ടിപ്ലക്‌സുകൾ രൂപകൽപ്പന ചെയ്യുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിയേറ്ററുകൾ നിർമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here