‘പ്രേത’വേഷത്തിൽ നഗരവാസികളെ പേടിപ്പിച്ച് വിദ്യാർത്ഥി സംഘം; ‘പ്രേതങ്ങളെ’ പിടികൂടി പൊലീസ്

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ‘നൈറ്റ് ലൈഫ്’ കുറവാണ്. അതുകൊണ്ട് തന്നെ ഒരു സമയം കഴിഞ്ഞാൽ റോഡുകൾ വിജനമാകും. ജോലി കഴിഞ്ഞ് ഇറങ്ങുന്നത് വൈകിയാണെങ്കിൽ ഇത്തരത്തിൽ വിജനമായ വഴികളിലൂടെയാകും നമ്മുടെ സഞ്ചാരം. അങ്ങനെ തിരക്കിട്ട് വീട്ടിലേക്ക് പോകുമ്പോൾ പെട്ടെന്ന് വെളുത്ത വസ്ത്രമണിഞ്ഞ് പ്രേത രൂപത്തിലുള്ളൊരാൾ മുന്നിൽ വന്ന് ചാടിയാൽ ആരാണെങ്കിലും ഒന്ന് ഭയക്കും. പ്രേതമെന്നത് വെറും മിഥ്യാധാരമ മാത്രമാണ് എന്ന് മനസ്സിനെ എത്രയൊക്കെ പറഞ്ഞ് പഠിപ്പിച്ചാലും വെള്ള വസ്ത്രമണിഞ്ഞ് വികൃത മുഖവുമായി ഒരാൾ മുന്നിൽ വന്നാൽ ഏത് ധൈര്യശാലിയും തിരിഞ്ഞോടും. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗലൂരുവിലെ ഒരു സംഘം വിദ്യാർത്ഥികൾ രാത്രി വഴിയാത്രക്കാരെ പേടിപ്പിച്ച് ഓടിക്കുന്ന വീഡിയോ. ഒടുവിൽ ഈ ‘പ്രേതങ്ങളെ’ പൊലീസ് പിടികൂടി.

ഏഴ് പേരടങ്ങുന്ന വിദ്യാർത്ഥി സംഘം വെള്ള വസ്ത്രമണിഞ്ഞ്, നീണ്ട മുടിയുടെ വിഗ്ഗും വച്ച് ബംഗലൂരുവിലെ യശ്വന്ത്പൂരിന് സമീപമുള്ള ശരീഫ് നഗറിൽ ‘പേടിപ്പിക്കാൻ’ എത്തുക സ്ഥിരമായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവർ, ഓട്ടോ ഡ്രൈവർമാർ എന്നിവരൊക്കെയാണ് ഇവരുടെ സ്ഥിരം ഇരകൾ. എന്നാൽ സംഭവം സൊലാദേവൻഹള്ളി പൊലീസ് സ്റ്റേഷനിലെ ബീറ്റ് കോൺസ്റ്റബിളിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Read Also : നിര്‍ത്തിക്കോ അന്റെ പ്രേതം കളി; പ്രേതത്തോട് മലപ്പുറംകാരന്റെ വെല്ലുവിളി

ഷാൻ നല്ലിക് (22), സജീൽ മുഹമ്മദ് (21), മുഹമ്മദ് അഖ്യുബ് (20), സാഖിബ് (20), സെയ്യിദ് നബീൽ (20), യൂസഫ് അഹ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്ഷൻ 341, 504, 506, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിദ്യാർത്ഥികളുടെ ഈ ‘തമാശ’യെ വെറും തമാശയായി കാണാൻ സാധിക്കില്ലെന്നും ഓട്ടോ ഡ്രൈവർ പരാതിപ്പെട്ട സ്ഥിതിക്ക് കേസ് എടുക്കാതെ നിർവാഹമില്ലെന്നും പൊലീസ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More