ജീവനോടെ കുഴിച്ചു മൂടി 48 മണിക്കൂർ മണ്ണിനടിയിൽ കിടന്ന നവജാത ശിശു ജീവിതത്തിലേക്ക്; അത്ഭുതമെന്ന് വൈദ്യലോകം

ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശു തിരികെ ജീവിതത്തിലേക്ക്. 48 മണിക്കൂർ മണ്ണിനടിയിൽ കഴിച്ചു കൂട്ടിയ കുഞ്ഞിൻ്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അത്ഭുതമാണെന്നാണ് വൈദ്യലോകത്തിൻ്റെ സാക്ഷ്യപ്പെടുത്തൽ. കുട്ടി അപകട നില തരണം ചെയ്തുവെന്നും ഈ മാസാവസാനത്തോടെ ആശുപത്രി വിടാനാവുമെന്നും ഡോക്ടർമാർ പറയുന്നു.
ഒക്ടോബർ 10ന് ഉത്തർപ്രദെശിലെ ബറേലിയിലാണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. മറ്റൊരു കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടടി താഴ്ചയിൽ ഒരു ബാഗിലാക്കി കുഴിച്ചു മൂടിയ നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
കൊണ്ടു വരുമ്പോൾ 1.1 കിലോഗ്രാം മാത്രമായിരുന്നു കുഞ്ഞിൻ്റെ തൂക്കം. ഇപ്പോൾ രണ്ട് കിലോ തൂക്കമുണ്ട്. ഇപ്പോൾ കുഞ്ഞ് കുപ്പിപ്പാൽ കുടിക്കുന്നുണ്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രിയിലെ ഒരു ഡോക്ടറാണ് കുഞ്ഞിൻ്റെ ചികിത്സാ ചെലവുകൾ വഹിക്കുന്നത്.
പൂർണ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് ഓക്സിജൻ അധികം വേണ്ടെന്ന് ഡോക്ടർമാർ പറയുന്നു. അതുകൊണ്ടാവാം 48 മണിക്കൂർ മണ്ണിനടിയിൽ കിടന്നിട്ടും കുഞ്ഞ് മരണപ്പെടാതിരുന്നതെന്നും ഡോക്ടർമാർ പറയുന്നു. കൊഴുപ്പ് സൂക്ഷിക്കുന്ന കോശജാലവും കുട്ടിയുടെ ജീവൻ നിലനിർത്തുന്നതിൽ പങ്കു വഹിച്ചിട്ടുണ്ടാവാമെന്നും ഡോക്ടർമാർ കണക്കുകൂട്ടുന്നു.
വളർച്ചയെത്താതെ ജനിച്ചതു കൊണ്ട് കുഴിച്ചു മൂടിയതാവാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇതുവരെ കുട്ടിയെ തേടി അവകാശികള്‍ ആരും എത്തിയിട്ടില്ല. പലരും കുഞ്ഞിനെ ദത്തെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here