Advertisement

മലപ്പുറത്ത് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം

November 12, 2019
Google News 1 minute Read

മലപ്പുറം ജില്ലയിൽ ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിന് രാവിലെ 11 മുതൽ വൈകുന്നേരം നാല് മണി വരെ വിലക്ക് ഏർപ്പെടുത്തി.

രജിസ്റ്റർ ചെയ്യാത്ത ആനകളെ എഴുന്നള്ളിക്കുന്നതിനും വിലക്കുണ്ട്. പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉത്സവം നടക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്‍റെ അധ്യക്ഷതയിൽ നടത്തിയ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.

മൂന്ന് ദിവസം മുമ്പ് ഉത്സവങ്ങൾ നടത്തുന്നതിനുള്ള അപേക്ഷ മോണിറ്ററിങ് കമ്മിറ്റിക്ക് സമർപ്പിക്കണം. അഞ്ചിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കുവാനുള്ള അപേക്ഷ 30 ദിവസം മുൻപ് തന്നെ സമർപ്പിച്ചിരിക്കണമെന്നും യോഗതീരുമാനം. kcems.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.

2011 ലെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം 194 ക്ഷേത്രങ്ങൾക്കാണ് മലപ്പുറത്ത് ആനകളെ ഉത്സവത്തിലെഴുന്നള്ളിക്കാനുള്ള അനുമതിയുള്ളത്. അഞ്ചിൽ കൂടുതൽ ആനകളെ പങ്കെടുപ്പിക്കുമ്പോൾ 25 ലക്ഷത്തിൽ കുറയാതെ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസും എലിഫന്റ് സ്‌ക്വാഡിന് നൽകാനായി 3000 രൂപ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അടച്ച് രസീതും ഉത്സവക്കമ്മിറ്റിയുടെ കൈയിലുണ്ടായിരിക്കണം.

ഉത്സവം നടത്തുന്നതിനുള്ള അപേക്ഷ പൊലീസ് സ്റ്റേഷനിൽ ലഭിക്കുമ്പോൾ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണമെന്നും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി.

യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എപി ഇംതിയാസ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അയൂബ് തുടങ്ങിയവർ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here