സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ചികിത്സയിൽ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ അൻപത്തിയഞ്ചുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ഇവരുടെ സ്രവം പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
നിലവിൽ മലപ്പുറം സ്വദേശികളായ മൂന്ന് പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയാണ്.ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവർക്ക് പുറമെ മൂന്ന് കോഴിക്കോട് സ്വദേശികൾ കൂടി മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ ഉണ്ട്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ ലഭ്യമായിട്ടില്ല. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചുവെങ്കിലും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ചികിത്സയിൽ ഉണ്ട്.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കുഞ്ഞിന് കിണർ വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പുള്ളത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാംക്ലാസുകാരി മരിച്ചിരുന്നു.
Story Highlights : Amoebic encephalitis confirmed again in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here